 
ഭൂരിപക്ഷം ഒരുലക്ഷം കടക്കും: എം.കെ. രാഘവൻ
കോഴിക്കോട്: നാലുഘട്ടങ്ങളിലായി പ്രചാരണം പൂർത്തിയായപ്പോൾ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഭൂരിപക്ഷം ഇത്തവണ ഒരുലക്ഷം കടക്കും. പ്രചാരണം ആരംഭിച്ചത് മുതൽ കൊട്ടിക്കലാശം വരെ ജനങ്ങളുടെ പിന്തുണ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളിയായി വളരുന്ന ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തന്റെ കരുത്ത്. കോഴിക്കോടിന് എയിംസ്, ബേപ്പൂർ പോർട്ട് വികസനം, കോഴിക്കോട് കൂടുതൽ ഐ.ടി കമ്പനികൾ, കൂടുതൽ ട്രെയിൻ സർവീസുകൾ, ലൈറ്റ് മെട്രോ തുടങ്ങിയ നാടിന്റെ തുടർ വികസന പദ്ധതികൾ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.
മതേതര ഇന്ത്യയെ രക്ഷിക്കാൻ ഇടതിനേ സാധിക്കൂ: എളമരം കരീം
തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നത്. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന മുദ്രാവാക്യം ജനങ്ങൾ വിശ്വാസത്തിലെടുക്കുമെന്നാണ് പ്രതീക്ഷ. കൊട്ടിക്കലാശത്തിലുൾപ്പടെ വലിയ പിന്തുണയാണ് ലഭിച്ചത്. നരേന്ദ്ര മോദി സർക്കാർ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും തകർത്തു. പൗരത്വ ഭേദഗതി ഉൾപ്പെടെ വർഗീയ കാർഡിറക്കി ജനങ്ങളെ വിഭജിച്ചു. എന്നാൽ ബി.ജെ.പിയുടെ അജണ്ട നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. രാജ്യസഭ എം.പി എന്ന നിലയിൽ കഴിഞ്ഞ അഞ്ചര വർഷമായി പാർലമെന്റിൽ നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി പോരാടാനായി. തിരഞ്ഞെടുക്കപ്പെട്ടാൽ ആ പോരാട്ടം തുടരും.
രാജ്യത്തിന്റെ വികാരം മോദി ഗ്യാരണ്ടിക്കൊപ്പം : എം.ടി. രമേശ്
രാജ്യത്തിന്റെ വികാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്. അദ്ദേഹം ഉയർത്തിയ മോദി ഗ്യാരണ്ടി കോഴിക്കോടും ഏറ്റെടുക്കും. പത്ത് വർഷക്കാലം രാജ്യം ഭരിച്ച നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിപ്പിടിച്ചും അത് തുടരാൻ വേണ്ടിയുമാണ് വോട്ടുതേടുന്നത്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ അരനൂറ്റാണ്ടുകാലം മാറിമാറി വിജയിച്ച എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ജനവിരുദ്ധ നയങ്ങളുടെയും വികസന വിരുദ്ധ നയങ്ങളുടെയും ഭാഗമായി കോഴിക്കോട് മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുകയാണ്. പുതിയ കോഴിക്കോട് ഉണ്ടാക്കണമെന്ന അഭ്യർത്ഥന വോട്ടർമാർ ഏറ്റെടുക്കും. വലിയ ജനപിന്തുണയാണ് പ്രചാരണത്തിലുടനീളം ലഭിച്ചത്.
അടിസ്ഥാനരഹിത ആരോപണങ്ങൾ ബൂമറാങ്ങാവും: ഷാഫി പറമ്പിൽ
വടകര: താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇടതുപക്ഷം തനിക്കെതിരെ ആക്രമണം നടത്തിയത്. എന്നാൽ ഇത്തരം ശ്രമങ്ങളെല്ലാം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നതാണ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. ഓരോ ദിവസവും പകലും രാത്രിയും മാത്രമല്ല പുലർച്ചയോളം നീണ്ടുനിൽക്കുന്ന സ്വീകരണങ്ങൾ വടകര എങ്ങനെയാണ് എന്നെയും ഞാൻ പ്രതിനിധാനം ചെയ്യുന്ന യു.ഡി.എഫ് ആർ.എം.പി.ഐ സഖ്യത്തെയും നെഞ്ചേറ്റിയിട്ടുള്ളത് എന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എല്ലാവർക്കും ബോധ്യമാവും ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് വടകരയിൽ ഞങ്ങൾക്ക് ലഭിക്കാൻ പോകുന്നത് .
വടകര വീണ്ടും ചുവക്കും, തിരിച്ചുപിടിക്കും: കെ കെ ശൈലജ
വടകര: ഇടതുകോട്ടയായിരുന്ന വടകര ഇടവേളയ്ക്കുശേഷം വീണ്ടും ചുവപ്പണിയുന്ന കാഴ്ചയാണ് നാം കാണാൻ പോകുന്നത്. ഇടവേളയ്ക്കുശേഷം വടകര വീണ്ടും ചുവപ്പണിയും.മതേതരത്വത്തിനു വേണ്ടിയും ഫാസിസത്തിനെതിരായും ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനത വടകരയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തിരഞ്ഞെടുക്കുവാൻ ഉറപ്പിച്ചിരിക്കുകയാണ് പാർലമെന്റിൽ ഇടതു ശബ്ദമാകാൻ ജനാധിപത്യത്തിനായുള്ള പോരാട്ടശക്തി ആവാൻ ഈ നാട് വിധിയെഴുതും.
മോദി ഗ്യാരണ്ടിക്കായി വടകരയിൽ ജനം വോട്ട് ചെയ്യും: പ്രഫുൽകൃഷ്ണൻ
മാറിമാറി വന്ന ഇടത് വലത് മുന്നണികൾ വടകരയ്ക്ക് വികസനമുരടിപ്പ് മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. സമഗ്രമായ വികസന പദ്ധതികൾ ആവിഷ്കരിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽകാനോ വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവ് വരുത്താനോ ഇവർക്ക് സാധിച്ചിട്ടില്ല. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കും.മോദിജി മുന്നോട്ടുവച്ച വികസന സങ്കൽപ്പങ്ങൾക്ക് വടകരയിലെ വോട്ടർമാർ താമര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വലിയ ഭൂരിപക്ഷത്തോടെ എൻ.ഡി.എ സഖ്യത്തെ വിജയിപ്പിക്കും.