
പൊടിപാറിയ പ്രചാരണം പൂർത്തിയായി. ഇടതു വലത് മുന്നണികളും എൻ.ഡി.എയും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചു. ജനമനസുകളിലേക്ക് ഇറങ്ങാനുള്ള മാർഗങ്ങളെല്ലാം പരീക്ഷിച്ചു. മുന്നണികളെയും സ്ഥാനാർത്ഥികളെയും അവരുടെ പ്രചാരണത്തെയും നിലപാടുകളെയുമെല്ലാം നിരീക്ഷിച്ച വോട്ടർമാർ തീരുമാനമെടുത്തുകഴിഞ്ഞു. ഇനി അവർ വിധിയെഴുതും. മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും ഇനി കാത്തിരിപ്പിന്റെ കാലം. രണ്ടുമാസത്തോളം നീണ്ട അതിശക്തമായ പരസ്യപ്രചാരണത്തിന് ആവേശം പരകോടിയിലെത്തിയ കൊട്ടിക്കലാശത്തോടെയാണ് സമാപനമായത്.
കോഴിക്കോട് പാളയം ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ അണിനിരന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കൊട്ടിക്കലാശം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലായിരുന്നു. കോഴിക്കോട്ട് വിഷയങ്ങൾ പലതുണ്ടായിരുന്നു. ദേശീയ- സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ പ്രചാരണത്തിൽ നിറഞ്ഞു. വിവാദങ്ങളും കേസുകളും വാക്ക്പോരുകളും നിറഞ്ഞു. പക്ഷേ വികസനം കാര്യമായ ചർച്ചയായില്ലെന്ന് പരാതി വോട്ടർമാർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകശ്രദ്ധ നേടിയ കോഴിക്കോടിന് ഏറെ നേടാനുണ്ട്. പക്ഷേ പ്രചാരണത്തിൽ വികസന ആവശ്യങ്ങളെല്ലാം പിന്നാക്കം പോയി. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും ആരാണ് കൂടുതൽ എതിർക്കുന്നതെന്ന് കാണിക്കാനുള്ള മത്സരമായിരുന്നു ആദ്യാവാസാനം എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾ നടത്തിയത്.
പൗരത്വഭേദഗതി നിയമത്തിലൂന്നായിരുന്നു ഈ വാക്ക് പോര്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ആക്ഷേപങ്ങൾക്ക് രാഹുൽ ഗാന്ധി മറുചോദ്യം ഉയർത്തിയതോടെ രാഷ്ട്രീയ പോര് കനത്തു. മുസ്ലിം ലീഗ് സമസ്ത ഭിന്നത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് പ്രചാരണത്തിന് ശേഷം ഉയരുന്ന മറ്രൊരു ചോദ്യം. മോദി ഗ്യാരന്റി ഉയർത്തി പ്രചാരണം നയിച്ച എൻ.ഡി.എ പ്രചാരണത്തിൽ വലിയ ആൾക്കൂട്ടത്തെ ആകർഷിച്ചിട്ടുണ്ട്. ഇത് വോട്ടാവുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ. പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോൾ സ്ഥാനാർത്ഥികൾ വിജയ പ്രതീക്ഷയിലാണ്.
വിജയം ഉറപ്പിച്ചെന്ന്
യു.ഡി.എഫ്
നാലുഘട്ടങ്ങളിലായി പ്രചാരണം പൂർത്തിയായപ്പോൾ വിജയം ഉറപ്പിച്ചെന്നാണ് കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ പറയുന്നത്. ഇത്തവണ ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്നും ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതായതാണ് അദ്ദേഹത്തിന്റെ വിശ്വാസം. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലിലും എം.കെ. രാഘവന് ആത്മവിശ്വാസമുണ്ട്. കോഴിക്കോടിന് എയിംസ്, ബേപ്പൂർ പോർട്ട് വികസനം, കോഴിക്കോട് കൂടുതൽ ഐ.ടി കമ്പിനികൾ, കൂടുതൽ ട്രെയിൻ സർവീസുകൾ, ലൈറ്റ് മെട്രോ തുടങ്ങിയ നാടിന്റെ തുടർ വികസന പദ്ധതികൾ അദ്ദേഹം മുന്നോട്ടുവയ്ക്കുകയും ചെയ്തു.
മതേതര ഇന്ത്യയെ
സംരക്ഷിക്കണം
തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നതെന്നും മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന മുദ്രാവാക്യം ജനങ്ങൾ വിശ്വാസത്തിലെടുക്കുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രതീക്ഷ. ബി.ജെ.പിയുടെ അജണ്ട നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും രാജ്യസഭ എം.പി എന്ന നിലയിൽ കഴിഞ്ഞ അഞ്ചര വർഷമായി പാർലമെന്റിൽ നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി പോരാടാനായെന്നുമാണ് അദ്ദേഹം പറയുന്നത്.
മോദി ഗ്യാരന്റി
രാജ്യത്തിന്റെ വികാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമാണെന്നും അദ്ദേഹം ഉയർത്തിയ മോദി ഗ്യാരന്റി കോഴിക്കോടും ഏറ്റെടുക്കുമെന്നമുള്ള പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്. പുതിയ കോഴിക്കോട് ഉണ്ടാക്കണമെന്ന അഭ്യർത്ഥന വോട്ടർമാർ ഏറ്റെടുക്കുമെന്നും വലിയ ജനപിന്തുണയാണ് പ്രചാരണത്തിലുടനീളം ലഭിച്ചതെന്നുമാണ് എം.ടി. രമേശ് പറഞ്ഞത്.
വിവാദങ്ങളിൽ
വടകര
വടകരയിലെ വ്യക്തിഹത്യ ആരോപണങ്ങളും കേസുകളും വിവാദങ്ങളുമെല്ലാം വലിയ രാഷ്ട്രീയ ചർച്ചയായി. പാനൂരിലെ ബോംബ് സ്ഫോടനമാണ് മറ്റൊരു പ്രധാന സംഭവം. അതിശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ അവസാന ലാപ്പിലും അരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർത്ഥികൾ നിറഞ്ഞു.
താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇടതുപക്ഷം തനിക്കെതിരെ ആക്രമണം നടത്തിയതെന്നും ഇത്തരം ശ്രമങ്ങളെല്ലാം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നതാണ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ കണ്ടതെന്നും വിവാദങ്ങളോട് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രതികരിച്ചു. ഓരോ ദിവസവും പകലും രാത്രിയും മാത്രമല്ല പുലർച്ചയോളം നീണ്ടുനിൽക്കുന്ന സ്വീകരണങ്ങൾ വടകര എങ്ങനെയാണ് എന്നെയും ഞാൻ പ്രതിനിധാനം ചെയ്യുന്ന യു.ഡി.എഫ് ആർ.എം.പി.ഐ സഖ്യത്തെയും നെഞ്ചേറ്റിയിട്ടുള്ളത് എന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എല്ലാവർക്കും ബോധ്യമാവും.
ഇടതുകോട്ടയായിരുന്ന വടകര ഇടവേളയ്ക്കുശേഷം വീണ്ടും ചുവപ്പണിയുമെന്ന്എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ പറഞ്ഞു. മതേതരത്വത്തിനു വേണ്ടിയും ഫാസിസത്തിനെതിരായും ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനത വടകരയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തിരഞ്ഞെടുക്കുവാൻ ഉറപ്പിച്ചിരിക്കുകയാണ് പാർലമെന്റിൽ ഇടതു ശബ്ദമാകാൻ ജനാധിപത്യത്തിനായുള്ള പോരാട്ടശക്തി ആവാൻ ഈ നാട് വിധിയെഴുതുമെന്ന് കെ.കെ. ശൈലജ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാറിമാറി വന്ന ഇടത് വലത് മുന്നണികൾ വടകരയ്ക്ക് വികസനമുരടിപ്പ് മാത്രമാണ് സമ്മാനിച്ചിട്ടുള്ളതെന്നും നരേന്ദ്രമോദി മുന്നോട്ടുവച്ച വികസന സങ്കൽപ്പങ്ങൾക്കൊപ്പം വടകരയിലെ വോട്ടർമാർ നിൽക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ അവകാശവാദം.
വോട്ടർമാർ
റെഡി
28,51,514 വോട്ടർമാരാണ് കോഴിക്കോട് ജില്ലയിൽ നിന്ന് രാജ്യത്തിന്റെ ജനാധിപത്യ ഭാവിയ്ക്കായി വിരലിൽ മഷിപുരട്ടുക. വടകര ലോക്സഭാ മണ്ഡലത്തിൽ 6,81,615 പുരുഷൻമാരും 7,40,246 സ്ത്രീകളും 22 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 14,21,883 വോട്ടർമാരും കോഴിക്കോട് മണ്ഡലത്തിൽ 6,91,096 പുരുഷൻമാരും 7,38,509 സ്ത്രീകളും 26 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 14,29,631 വോട്ടർമാരുമാണുള്ളത്. കോഴിക്കോട്ട് 1206 പോളിംഗ് സ്റ്രേഷനുകളും വടകരയിൽ 1207 പോളിംഗ് സ്റ്റേഷനുകളുമാണ് സജ്ജീകരിച്ചത്. ഇവയിൽ 16 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകൾ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.
ജില്ലയിലെ 141 പ്രശ്നസാദ്ധ്യതാ ബൂത്തുകളാണുള്ളത്. കോഴിക്കോട് 21, വടകര 120, മാവോവാദി ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലുൾപ്പടെ ശക്തമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതിശക്തമായ പോരാട്ടം നടക്കുന്നതിനിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കളാണ്. വിവിധ സർവൈലൻസ് സ്ക്വാഡുകൾക്കൊപ്പം പൊലീസ്, എക്സൈസ്, ജി.എസ്ടി വകുപ്പുകൾ നടത്തിയ പരിശോധനയിൽ പിടികൂടിയ വസ്തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒമ്പത് കോടി കവിഞ്ഞത്.