വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ ഒഞ്ചിയം യു.പി സ്കൂളിലെ ബൂത്ത് നമ്പർ 60ൽ വോട്ടെടുപ്പ് മണിക്കൂറുകൾ വൈകിയാണ് തുടങ്ങിയത്. വോട്ടിംഗ് മെഷീൻ പണിമുടക്കിയതാണ് കാരണം. വോട്ടിംഗ് മെഷീനിൽ 50 മോക്ക് പോളിംഗ് പൂർത്തിയാക്കേണ്ടിയിരുന്നത് 30 എണ്ണത്തോടെ നിശ്ചലമാവുകയായിരുന്നു. പിന്നീട് എട്ട് മണിയോടെ വേറെ മെഷീൻ എത്തിച്ച് പ്രവർത്തനസജ്ജമാവുമ്പോഴേക്കും 9 മണിയായി. 7 മണിക്ക് തന്നെ വോട്ടു ചെയ്യാനായി ആറര മണി മുതൽ തന്നെ വോട്ടർമാർ ക്യൂവിൽ നിറഞ്ഞിരുന്നു. പുരുഷന്മാരെക്കാളും ഏറെ സ്ത്രീകളായിരുന്നു ബൂത്തിന് ഇരു ഭാഗത്തായി ലൈനിൽ നിന്നത്. മണിക്കൂറുകൾ വൈകിയതോടെ വോട്ടർമാർക്ക് സ്കൂളിലെ ബഞ്ചുകൾ നൽകി ഇരിപ്പിടമൊരുക്കി.