കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാനം ഇത്തവണ കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ടാണ് നൽകിയതെന്ന് അത്തോളി മൊടക്കല്ലൂർ എ.യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ഇ.പി. ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു. ഇരു മുന്നണികളിലേയും ചില നേതാക്കളുമായി ബി.ജെ പി ചർച്ച നടത്തിയിരുന്നു. ജൂൺ നാലിന് കൂടുതൽ നേതാക്കൾ ബി.ജെ.പിയിൽ എത്തും.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാർമ്മികതയുണ്ടായിരുന്നെങ്കിൽ അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിയ്ക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭാര്യ ഷീബയുടെയും മകൾ ഗായത്രി ദേവിയുടെയും കൂടെയായിരുന്നു സുരേന്ദ്രൻ വോട്ടുചെയ്യാനെത്തിയത്.