
കോഴിക്കോട്: മതനിരപേക്ഷ കേരളം കൃഷ്ണമണിപോലെ ഇടതുപക്ഷത്തെ കാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശ്വസിക്കുന്ന വായുവിൽ പോലും ബി.ജെ.പി വിരുദ്ധ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ. മന്ത്രി ആയാലും നേതാവായാലും ഇടതുപക്ഷത്ത് പ്രവർത്തിക്കുന്നവർ ഓരോ ചലനവും ജനത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരിക്കണം. എങ്ങനെ പ്രവർത്തിക്കണമെന്ന ബോദ്ധ്യത്തോടെയാണ് മുന്നോട്ടു പോവുന്നതെന്നും കോട്ടൂളി എ.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2004 ആവർത്തിക്കും. ബി.ജെ.പിയെ എതിരിടാൻ ഇടതുപക്ഷം വേണം. കേരളത്തിൽ ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബി.ജെ.പി വിരുദ്ധ മനസ് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വൈകിയത് ബാറ്ററി തകരാറ് കാരണം
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിന്റെ ബാറ്ററി തകരാറ് മൂലമാണ് ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതിനാലാണ് ബൂത്തുകളിൽ വോട്ടിംഗ് മന്ദഗതിയിലായത്. പോളിംഗ് സമാധാനപരമായിരുന്നെന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ
സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
തിരുവനന്തപുരം: ബൂത്തിലെത്തിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം വോട്ടുചെയ്യാനാകാതെ മടങ്ങി. അദ്ദേഹത്തിന്റെ വോട്ടർ ഐ.ഡി നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വോട്ട് നഷ്ടമായത്. ജഗതി സ്കൂളിലാണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്. എബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡ് നമ്പറിൽ മറ്റൊരു സ്ത്രീയുടെ പേരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകി.
തിരിച്ചറിയൽ കാർഡില്ല:
എം.എൽ.എയെ തിരിച്ചയച്ചു
പടി. കല്ലട: തിരിച്ചറിയൽ രേഖയില്ലാതെ വോട്ടിടാനെത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂൾ 131-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴോടെയായിരുന്നു സംഭവം. ക്യൂവിൽ നിന്ന് പോളിംഗ് സ്റ്റേഷനിലെത്തിയപ്പോഴാണ് തിരിച്ചറിയൽ കാർഡ് എടുത്തില്ലെന്ന് മനസിലായത്. എം.എൽ.എയായിട്ടും പോളിംഗ് ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് എം.എൽ.എ 250 മീറ്റർ അപ്പുറമുള്ള വീട്ടിൽ പോയി തിരിച്ചറിയൽ കാർഡുമായെത്തി വോട്ടിട്ടു.