വോട്ടെടുപ്പിന് ശേഷവും വടകരയിലെ സ്ഥാനാർത്ഥികൾ സജീവം
കോഴിക്കോട്: തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വടകരയിൽ ആരോപണ പ്രത്യാരോപണങ്ങൾ നിറയുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയും വാർത്താസമ്മേളനം നടത്തി തിരഞ്ഞെടുപ്പിന് ശേഷവും വിവാദങ്ങൾ നിലയ്ക്കുന്നില്ലെന്ന സൂചന നൽകി. വടകരക്കാരനായ എൻ.ഡി.എഫ് സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് പൊതുപരിപാടികളൊന്നും ഉണ്ടായിരുന്നില്ല.
വ്യാജ പോസ്റ്റ് തയ്യാറാക്കി തനിക്കെതിരെ തിരിച്ചുവിടാൻ ശ്രമിച്ചെന്നെന്നും സി.പി.എം വർഗീയ പ്രചാരണം നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കാഫിർ പ്രയോഗം നടത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്ന് കെ. കെ. ശൈലജയും വ്യക്തമാക്കി. കേസെടുക്കുന്നത് സ്വാഭാവികമാണെന്നും അന്വേഷണം നടക്കട്ടെയെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് അർദ്ധരാത്രി വരെ തുടർന്നതിനെതിരെ യു.ഡി.എഫും എൻ.ഡി.എയും ആരോപണം ശക്തമാക്കി. എല്ലായിടത്തും പോളിംഗ് വൈകിയിട്ടുണ്ടെന്നാണ് ഇടതുക്യാമ്പിന്റെ പ്രതികരണം.
കോഴിക്കോട്ട് ശാന്തം
കടുത്ത പോരാട്ടം നടന്ന കോഴിക്കോട് മണ്ഡലത്തിൽ എല്ലാം ശാന്തമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ മണ്ഡലത്തിൽ സജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന് പൊതുപരിപാടികൾ ഉണ്ടായിരുന്നില്ല. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിൽ കണക്കുകൂട്ടലുകളമായി ഉണ്ടായിരുന്നു. വാർത്താസമ്മേളനവും നടത്തി.
എം.കെ രാഘവൻ എംപി. രാവിലെ തന്നെ എലത്തൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വെങ്ങാലിയിലെ മരണവീട്ടിലും തുടർന്ന് മേഖലയിലെ വിവിധ മണ്ഡലം, ബൂത്ത് കമ്മിറ്റികളെയും സന്ദർശിച്ചു. ഉച്ചയ്ക്ക് സൗത്ത് മണ്ഡലത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കുന്ദമംഗലത്തും അദ്ദേഹം സന്ദർശനം നടത്തി.
തിരഞ്ഞെടുപ്പ് ദിവസം പല സ്ഥലത്തും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്തുന്ന അവസ്ഥയുണ്ടാക്കിയതായി എം.ടി. രമേശ് പറഞ്ഞു.