1
ശ്രീകാന്ത്

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. പണിക്കർ റോഡ് നാലുകൂടിപ്പറമ്പ് എൻ.പി. ശ്രീകാന്താണ് (47) മരിച്ചത്.

ഇന്നലെ രാവിലെയാണ് വീടിന് സമീപം റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് അരികിൽ ശ്രീകാന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിന് പിന്നിലും കൈയ്ക്കുമാണ് വെട്ടേറ്റത്. ഓട്ടോയിലും റോഡിന്റെ ഇരുവശവും രക്തം തളംകെട്ടി കിടപ്പുണ്ട്. വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും ശ്രീകാന്ത് മരിച്ചിരുന്നു. ഓട്ടോയിൽ നിന്ന് ഗ്ലാസും മദ്യക്കുപ്പിയും കണ്ടെടുത്തു. ഓട്ടോയിലുണ്ടായിരുന്നവർ മദ്യപിച്ച് കിടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം ശ്രീകാന്തിനെ വെട്ടി കടന്നുകളഞ്ഞതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസിലെ അഞ്ചാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

രണ്ടുപേർ കസ്റ്റഡിയിൽ

സംഭവത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മദ്യപിച്ച് മയങ്ങിപ്പോയെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് ഇവർ നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, രാവിലെ അമ്പലത്തിലേക്ക് പോകുകയായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് നിന്ന് ഒരാൾ ബൈക്കിൽ കയറിപ്പോകുന്നത് കണ്ടതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ വ്യക്തമായിട്ടില്ല. അയാൾ കടന്നുപോയിരിക്കാവുന്ന വഴികളിലെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി ശ്രീകാന്തിന്റെ കാർ അജ്ഞാതർ കത്തിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കവെയാണ് കൊലപാതകം. കാർ കത്തിച്ചതും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീകാന്ത് പ്രതിയായ വധക്കേസുമായി കൊലപാതകത്തിനുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നു. ഫോറൻസിക് വിദഗ്ദ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പരേതനായ ദാമോദരന്റെയും സുലോചനയുടെയും മകനാണ് ശ്രീകാന്ത്.

ഭാര്യ: സിമി. മക്കൾ: പാർവണ, നിതാലി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.