അനുകൂല വോട്ടുകൾ ചെയ്തിട്ടുണ്ടെന്ന് മുന്നണികൾ
രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കും
കോഴിക്കോട്: അനുകൂല വോട്ടുകളെല്ലാം പോൾ ചെയ്തതായി വിലയിരുത്തുമ്പോഴും വോട്ടിംഗ് ശതമാനത്തിലെ കുറവുണ്ടാക്കിയ മുന്നണികളുടെ ആശങ്ക ജൂൺ നാല് വരെ തുടരും. പോളിംഗ് നടത്തിപ്പിലെയും വോട്ടർപ്പട്ടികയിലെയും അപാകത, ഉയർന്ന ചൂട് എന്നിവയെല്ലാം വോട്ടിംഗ് ശതമാനത്തിന്റെ കുറവിന് വിശദീകരണമാവുമ്പോഴും രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്നുള്ള പരിശോധന മുന്നണികൾ നടത്തുന്നുണ്ട്.
പൗരത്വഭേഗഗതി നിയമം ഉൾപ്പടെയുള്ള വൈകാരിക വിഷയങ്ങൾ ചർച്ചയാക്കി കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അതിശക്തമായ പ്രചാരണം നടത്തിയതോടെ ജില്ലയിൽ വോട്ടിംഗ് ശതമാനം ഉയരുമെന്നായിരുന്നു എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതീക്ഷ. 2019ലെ വോട്ടിംഗ് ശതമാനത്തിൽ നിന്ന് വലിയ കുറവുണ്ടായത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരായി ഭരണ വിരുദ്ധ വികാരമുണ്ടെന്ന് വിലയിരുത്തുമ്പോഴും അത് വോട്ടാക്കാൻ സാധിച്ചില്ലേ എന്ന സംശയമാണ് യു.ഡി.എഫിന്. വടകരയിൽ 4.07 ശതമാനത്തിന്റെയും കോഴിക്കോട്ട് 5.94 ശതമാനത്തിന്റെയും കുറവാണുണ്ടായത്. അതേസമയം പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
വടകര കണക്കിൽ ആശങ്ക
കടുത്ത പോരാട്ടം നടന്ന വടകര സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമുള്ള (78.06) മണ്ഡലമായപ്പോഴും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.07 ശതമാനത്തിന്റെ കുറവാണ് വടകരയിലുണ്ടായത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലമായ തലശ്ശേരിയിലും കൂത്തുപറമ്പിലുമാണ് വോട്ടിംഗ് ശതമാനം കുറവ്. തലശ്ശേരിയിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം. കഴിഞ്ഞ തവണ 80.33 ഉണ്ടായിരുന്നത് 76.13 ആയി. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജൻ 84633 വോട്ടിന് വടകരയിൽ പരാജയപ്പെട്ടപ്പോഴും തലശ്ശേരി 11,469 വോട്ടിന്റെ ലീഡ് ജയരാജന് നൽകിയിരുന്നു. കൂത്തുപറമ്പിൽ 80.33 ശതമാനമുണ്ടായിരുന്ന വോട്ടിംഗ് ശതമാനം 77.50മായി കുറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന് കുറവ് ലീഡ് നൽകിയ മണ്ഡലമാണ് കൂത്തുപറമ്പ് 4,133 വോട്ടിന്റെ ലീഡായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുള്ള മണ്ഡലങ്ങളിലുമെല്ലാം വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വടകരയിൽ വോട്ടിംഗ് ശതമാനം 83.03 ൽ നിന്ന് 79.03 ആയി കുറഞ്ഞു.
വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളാണ് യു.ഡി.എഫിന്റെ ഉറച്ച പ്രതീക്ഷ. തലശ്ശേരിയും കൂത്തുപറമ്പും എൽ.ഡി.എഫിന് ഉറച്ച പ്രതീക്ഷയാണ്. പേരാമ്പ്ര ഇരുമുന്നണികളും പ്രതീക്ഷിക്കുന്നു. നിയമസഭയിൽ വടകരയൊഴികെ ആറ് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമാണ്.
വടകര
2019ലെ യു.ഡി.എഫ് ഭൂരിപക്ഷം - 84633
വടകര: 22963 (യു.ഡി.എഫ്)
കുറ്റ്യാടി: 16892 (യു.ഡി.എഫ്)
നാദാപുരം: 17596 (യു.ഡി.എഫ്)
കൊയിലാണ്ടി: 21045 (യു.ഡി.എഫ്)
പേരാമ്പ്ര:13204 (യു.ഡി.എഫ്)
തലശ്ശേരി: 11469 (എൽ.ഡി.എഫ്)
കൂത്തുപറമ്പ്: 4,133 (യു.ഡി.എഫ്)
കോഴിക്കോട് എങ്ങോട്ട്
പൗരത്വഭേഗഗതി നിയമം ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങൾ ഏറ്റവും ചർച്ചയായ മണ്ഡലത്തിൽ ബി.ജെ.പി വിരുദ്ധവികാരം ശക്തമാവുമെന്ന പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലുണ്ടായ 5.94 ശതമാനത്തിന്റെ ഇടിവ് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഇരുത്തി ചിന്തിപ്പിക്കുകയാണ്. എൻ.ഡി.എയും ശക്തമായി മത്സര രംഗത്തുണ്ടായിരുന്നിട്ടും വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടായത് ആശങ്കയായി തുടരുന്നു. 2019ൽ 81.46 ആയിരുന്ന വോട്ടിംഗ് ശതമാനം 75.52ലേക്ക് വീണു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കൊടുവള്ളിയിലുൾപ്പടെ വോട്ടിംഗ് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ തവണ 85225 വോട്ടിന് എം.കെ. രാഘവൻ വിജയിച്ചപ്പോൾ 35908 വോട്ടിന്റെ ഭൂരിപക്ഷം നൽകിയത് കൊടുവള്ളിയാണ്. 81.39 ആയിരുന്ന വോട്ടിംഗ് ശതമാനം 76.52 ആയി കുറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം മുന്നേറ്റം പ്രതീക്ഷിക്കുന്ന എലത്തൂരും ബേപ്പൂരുമെല്ലാം വോട്ടിംഗ് ശതമാനം ഇടിഞ്ഞിട്ടുണ്ട്. ബേപ്പൂരിൽ 4.99 ശതമാനവും എലത്തൂരിൽ 5.97 ശതമാനവുമാണ് ഇടിവ്. 2014 മുതൽ തുടർച്ചയായ വോട്ട് വിഹിതം. ഉയർത്തിയ എൻ.ഡി.എയും വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കപ്പെടുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് വലിയ മത്സരം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ തവണ എൻ.ഡി.എ മണ്ഡലത്തിൽ 14.97 ശതമാനം വോട്ട് നേടിയിരുന്നു.
കോഴിക്കോട് മണ്ഡലം
2019ലെ യു.ഡി.എഫ് ഭൂരിപക്ഷം - 85225
ബാലുശ്ശേരി: 9745 (യു.ഡി.എഫ്)
എലത്തൂർ: 103 (യു.ഡി.എഫ്)
കോഴിക്കോട് നോർത്ത്: 4558 (യു.ഡി.എഫ്)
കോഴിക്കോട് സൗത്ത്: 13731 (യു.ഡി.എഫ്)
ബേപ്പൂർ: 10423 (യു.ഡി.എഫ്)
കുന്ദമംഗലം: 11292 (യു.ഡി.എഫ്)
കൊടുവള്ളി: 35908 (യു.ഡി.എഫ്)