കോഴിക്കോട്: പൊള്ളുന്ന വേനലിലും അവധിക്കാലം ആഘോഷമാക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത് ആയിരങ്ങൾ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച്, സരോവരം, മാനാഞ്ചിറ, കടലുണ്ടി, ബേപ്പൂർ, കാപ്പാട് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതലെ ആളുകളെത്തുകയാണ്. അവധി ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നടക്കം നൂറുകണക്കിനാളുകളാണ് നഗരത്തിലെ വിനോദ കേന്ദ്രങ്ങളിലെത്തുന്നത്. കനത്ത ചൂടിൽ വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് കടൽക്കാറ്റും തണലും ആസ്വദിക്കുന്നതാണെന്ന് സഞ്ചാരികൾ പറയുന്നു. ചൂടിൽ നിന്ന് രക്ഷ നേടാൻ ബീച്ചും മാനാഞ്ചിറ മെെതാനിയുമാണ് ആളുകൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. അതി രാവിലെ ബീച്ചിലെത്തുന്നവർ കടലിലിറങ്ങി കളിച്ചും കുളിച്ചുമാണ് ചൂടിനോട് പൊരുതുന്നത്. സന്ദർശകരെ കാത്ത് സൗത്ത് ബീച്ചിൽ റിമോട്ട് വണ്ടികളും കുതിര സവാരിയും ഒട്ടക സവാരിയും സജ്ജമാണ്. കൂടാതെ ബീച്ചിലെത്തുന്നവർക്ക് ചൂടിൽ നിന്ന് രക്ഷ നേടാനായി
ശീതള പാനീയങ്ങളുടെ വിൽപ്പനയും സജീവമാണ്.
@ ചൂട് ചൂടനാണ്, ജാഗ്രത വേണം
ക്രിക്കറ്റും ഫുട്‌ബാളും വോളിബോളും നീന്തലുമായി അവധിക്കാലം ആഘോഷമാക്കുമ്പോൾ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന അന്തരീക്ഷ താപനില കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ, ജലാശയ അപകടങ്ങൾ എന്നിവ ഉണ്ടാവാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. മുൻ വർഷങ്ങളിൽ ജലസേചന പദ്ധതിയുടെ കനാലുകൾ, തടാകങ്ങൾ, ക്വാറികളിലെ കുളങ്ങൾ എന്നിവിടങ്ങളിൽ മുങ്ങിമരിച്ചതിലധികവും കുട്ടികളാണ്. ചൂടിൽ ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങളിലും ശ്രദ്ധ വേണം.
@ ശ്രദ്ധിക്കണം ജീവന്റെ രക്ഷയ്ക്ക്
1. കുട്ടികൾ സംഘമായി നീന്തുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുക്കണം.
2.ബോട്ടിംഗ്, കയാക്കിംഗ് വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണം.
3. പകൽ 11 നും 3 നും ഇടയിൽ വെയിലത്തുള്ള കളികൾ ഒഴിവാക്കണം. നല്ല വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാൽ തൊപ്പിയോ കുടയോ ഉപയോഗിക്കണം
4.ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
5. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
6. ചൂടുള്ള ചുറ്റുപാടിൽ നിന്നും വന്നതിനു ശേഷം ഉടൻ തന്നെ തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണം