img20240429
ചെറുവാടി കടവിൽ ചാലിയാറിൽ നിന്ന് പറമ്പിലേക്ക് അനധികൃതമായി നിർമ്മിച്ച കൈവഴി

കൊടിയത്തൂർ: പൊള്ളുന്ന വേനൽ ചൂടിൽ നാടും നഗരവും കരിഞ്ഞുണങ്ങുമ്പോൾ ജല സ്രോതസുകളും വറ്റി വരളുന്നു. കിണറുകളും കുളങ്ങളും മാത്രമല്ല നദികളും തോടുകളും വറ്റുകയാണ്. നദികളുടെ വരൾച്ച കുടിവെള്ള വിതരണത്തെയും നന്നേ ബാധിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെയും പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികൾ അധികവും പുഴയോടു ചേർന്ന് നിർമ്മിച്ച കിണറുകളിൽ നിന്ന് വെള്ളമെടുത്താണ് പ്രവർത്തിക്കുന്നത്. ഇത്തരം കിണറുകളും ജലക്ഷാമം നേരിടുകയാണ്. ചാലിയാറിൻ്റെയും ഇരുവഞ്ഞിപുഴയുടെയും തീരവാസികളിൽ ചുരുക്കം ചിലർ മാത്രമാണ് ജലക്ഷാമത്തിൻ്റെ കൊടുതിക്കിരയാവാത്തത്. കവണക്കകല്ല് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടർ ഉപയോഗിച്ച് വെള്ളം തടഞ്ഞു നിർത്തുന്നതാണ് ഇവർക്ക് തുണയാവുന്നത്. ഇതിനിടയിലും പലരും പുഴകളിൽ അനധികൃതമായി പമ്പു സ്ഥാപിച്ച് വെള്ളമെടുത്ത് കൃഷി നനയ്ക്കുന്നതും ഫാമുകൾ പ്രവർത്തിപ്പിക്കുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. തോട്ടുമുക്കം മേഖലയിൽ പനമ്പിലാവ് പുഴയിൽ നാട്ടുകാർ ഇറങ്ങി അത്തരം അനധികൃത ബണ്ടുകൾ പൊളിച്ചുമാറ്റി നീരൊഴുക്കിനുള്ള തടസം നീക്കുകയായിരുന്നു. ചാലിയാറിൽ ചെറുവാടി കടവിൽ നിന്ന് സ്വന്തം പറമ്പിലേയ്ക്ക് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് 200 മീറ്ററോളം നീളത്തിൽ കൈവഴി നിർമ്മിച്ച് പമ്പുസെറ്റ് സ്ഥാപിക്കാൻ സ്വകാര്യ വ്യക്തി നടത്തിയ ശ്രമം നാട്ടുകാർ ഇടപെട്ട് തടയുകയും കൈവഴി ജെ.സി.ബി ഉപയോഗിച്ച് നികത്തുകയും ചെയ്ത സംഭവവുമുണ്ടായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ച് വിതരണം നടത്തുന്നുണ്ടെങ്കിലും അത് തികയാത്ത അവസ്ഥയാണ്. കൊടിയത്തൂർ പഞ്ചായത്തിൽ ആയിരങ്ങളാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൃഷിയാവശ്യത്തിനും മറ്റും വലിയ പമ്പു സെറ്റുകൾ ഉപയോഗിച്ച് പുഴകളിൽ നിന്ന് വെള്ളമെടുക്കരുതെന്ന് കാണിച്ച് കൊടിയത്തൂർ പഞ്ചായത്തിനടുത്തുള്ള ഊർങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് ഇറക്കിയിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലും ഇങ്ങനെ ഉത്തരവിറക്കി വെള്ളം സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.