chood
ചൂട്

@ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

@ യെല്ലോ അലർട്ട്

കോഴിക്കോട്: വേനലിന്റെ കാഠിന്യം കൂടിയതോടെ ജില്ല വെന്തുരുകുന്നു. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു. രാവിലെ ഏഴുമുതൽത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുകയാണ്. രാത്രിയിലും അത്യുഷ്ണം തുടരുകയാണ്. ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് മേയ് രണ്ട് വരെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ രാവിലെ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കണം. ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. മലയോര മേഖലയിൽ 41 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

@ ഉഷ്ണതരംഗ മുന്നറിയിപ്പ്

ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി.യെല്ലോ അലർട്ടാണ് ജില്ലയിലുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിലും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

@പിടിമുറുക്കി അസുഖങ്ങളും

ചൂട് കൂടിയതോടെ ജില്ലയിൽ പനിയും പടർന്നുപിടിക്കുകയാണ്. ജില്ലയിൽ 21 മുതൽ 28 വരെ 3731 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻ പോക്സ് എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളും പടർന്ന് പിടിക്കുന്നുണ്ട്. വെയിലേൽക്കുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു. ശുദ്ധമല്ലാത്ത വെള്ളം വ്യാപകമായി ഉപയോഗിക്കുന്നത് മൂലം ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങളും പടർന്നുപിടിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നതിന്റെ കുറവ് കാരണം മൂത്രാശയ രോഗങ്ങളും കണ്ടുവരുന്നുണ്ട്.

@ കരുതണം സൂര്യാഘാതം

ചൂട് കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നിവ കാണുകയാണെങ്കിൽ അത് സൂര്യാഘാതം കാരണമായിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിയാതെ ആശുപത്രിയിൽ എത്തിക്കണം.

@ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

@ പകൽ 11 മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക.

@കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,

@ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ മുതലായവ കഴിക്കുക

തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

@ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

@ കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളിൽ കളിക്കാൻ അനുവദിക്കാതിരിക്കുക.

@ നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.