
കൊട്ടാരക്കര -ദിണ്ഡിക്കൽ ദേശീയപാതയിൽ അപകടക്കെണി
മുണ്ടക്കയം: പൊടുന്നനെ കൺമുമ്പിലൊരു കുഴി... പിന്നെ ആ വാഹനത്തിനും അതിലെ യാത്രക്കാർക്കും എന്താകും സംഭവിക്കുക എന്ന് ഊഹിക്കാം. അപകടം, അല്ലാതെന്ത്. കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയം ടൗണിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയെ വാരിക്കുഴിയെന്ന് വിളിക്കാം. ഈ കുഴിയിൽ വീണവരുടെ എണ്ണം അത്രകണ്ട് നീളും. മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിന് പുറമേ കൂട്ടിക്കൽ കവലയിലും കുഴികളുണ്ട്. മഴക്കാലത്ത് വെള്ളം ഒഴുകി ഈ ഭാഗത്ത് റോഡ് തകരുന്നത് പതിവാണ്. പിന്നീട് ഇന്റർലോക്ക് കട്ടകൾ പാകി നവീകരിച്ചിരുന്നു. അപ്പോഴും പ്രതിസന്ധി ഒഴിഞ്ഞില്ല. ഇപ്പോൾ ഇന്റർലോക്ക് കട്ടകൾ ഇളകി മാറിയാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡ് കവാടത്തിൽ വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് റോഡിലെ കുഴി ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചു കഴിയും.
വീണത് ഏറെയും ഇരുചക്രവാഹനങ്ങൾ
കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം സംഭവിക്കാറുണ്ട്. മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജംഗ്ഷനിലും ബസ് സ്റ്റാൻഡ് കവാടത്തിലും റോഡ് തകരാറിലാകുന്നത് പതിവ് സംഭവമാണ്.
പരിഹാരം കണ്ടെത്തണം
വർഷങ്ങളായി തുടരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇതുവരെ ദേശീയപാത അധികൃതർക്കായിട്ടില്ല. തകർന്ന ഭാഗം പുനർനിർമ്മിക്കണമെന്ന് ഇതിനകം ആവശ്യമുയർന്നുകഴിഞ്ഞു.