
കോട്ടയം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ മൂന്നുതവണ ഇവയെക്കുറിച്ചുള്ള വിവരങ്ങൾ വർത്തമാനപത്രങ്ങളിലൂടെയും ടെലിവിഷൻ ചാനലിലൂടെയും പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ നിർത്തുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും പത്രങ്ങളിലും ടി.വി ചാനലുകളിലും മൂന്നു തവണ പരസ്യപ്പെടുത്തണം.
ക്രിമിനൽ പശ്ചാലത്തലമുള്ളവരെ സ്ഥാനാർത്ഥികളായി നിർത്തുന്ന രാഷ്ട്രീയ പാർട്ടികൾ കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത് നിർബന്ധമാണ്. ഒരു പ്രാദേശിക പത്രത്തിലും ഒരു ദേശീയപത്രത്തിലും ഫെയ്‌സ്ബുക്കും എക്‌സും അടക്കമുള്ള പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം വിവരങ്ങൾ നിർബന്ധമായി പ്രസിദ്ധീകരിക്കണം. ഇത്തരം വിവരങ്ങൾ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കണം. എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ചയ്ക്ക് മുമ്പാകരുത് എന്നാണ് ചട്ടം.