nda

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടനും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും നാളെ നാമനിർദ്ദേശ പത്രിക നൽകും. പത്രികാ സമർപ്പണത്തിന് ശേഷം സ്ഥാനാർത്ഥികളുടെ റോഡ് ഷോയുമുണ്ടാകും. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വ്യാഴാഴ്ചയാണ് പത്രിക നൽകുക. പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക നൽകുന്നതോടെ പ്രചാരണം കൂടുതൽ ചൂടുപിടിക്കും. പീഡനവാരാചരണ കാലത്ത് മന്ദീഭവിച്ച പ്രചാരണം ഈസ്റ്റർ കഴിഞ്ഞതോടെ സജീവമായി. ഈസ്റ്റർ ആശംസാ കാർഡുകൾ ഇറക്കിയ സ്ഥാനാർത്ഥികൾ ഈസ്റ്റർ ദിവസം വിവിധ പള്ളികൾ സന്ദർശിച്ചു വോട്ടർമാർക്കു മുന്നിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.

ചാഴികാടന്റെ മണ്ഡല പര്യടനം ഇന്നു പാലായിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഇന്ന് പാലായിൽ തുടക്കം. രാവിലെ 7.30ന് മന്ത്രി വി.എൻ വാസവൻ പര്യടനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിക്കും. ആദ്യദിനത്തിൽ പാലാ നിയോജകമണ്ഡലത്തിലെ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പുലം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. ഓരോ പഞ്ചായത്തുകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് സ്വീകരണം. നാലിന് പുതുപ്പള്ളി, ആറിന് പിറവം, ഏഴിന് വൈക്കം, എട്ടിന് ഏറ്റമാനൂർ, 10ന് കടുത്തുരുത്തി, 11ന് കോട്ടയം എന്നിങ്ങനെയാണ് ആദ്യഘട്ട പര്യടനം.
നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ സ്ഥാനാർത്ഥി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രമുഖ വ്യക്തികളെ കാണുന്ന ഓട്ടപ്രദക്ഷിണത്തിലായിരുന്നു. പരമാവധി ആളുകളെ കണ്ട് ആശീർവാദം വാങ്ങി നാമനിർദേശ പത്രിക സമർപ്പിക്കാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം. നാളെ രാവിലെ 10.30നാണ് പത്രിക സമർപ്പണം.

ഫ്രാൻസിസ് ജോർജ് പിറവത്ത് പര്യടനം നടത്തി

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ഇന്നലെ പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. മുളന്തുരുത്തിയിലെ ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് കമ്പനിയും രണ്ട് സബ്സിഡറി യൂണിറ്റുകളും ആംഫിനോൾ എഫ്.സി.ഐയും സന്ദർശിച്ച് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു.

തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം പ്രദേശത്ത് കൊച്ചി -തേനി ഹൈവേയ്ക്ക് വേണ്ടി സ്ഥലമെടുപ്പിന്റെ പേരിൽ ദുരിതത്തിലായ ഗുണഭോക്താക്കളെ നേരിൽ കണ്ട് സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം കോട്ടയം കാരിത്താസ് ആശുപത്രി ആസ്ഥാനത്തെ വിവിധ മഠങ്ങൾ സന്ദർശിച്ചു. ആശുപത്രി ജീവനക്കാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. വിവിധയിടങ്ങളിൽ ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടം, കെ.ആർ ജയകുമാർ, ആർ.ഹരി, അഡ്വ.റീസ് പുത്തൻവീട്ടിൽ, എൻ.ആർ ജയകുമാർ, ജോണി അരീക്കാട്ടിൽ, എ.ജെ ജോർജ്, കെ.കെ അജി, ജോർജ് മാണി, കെ.വി സാജു, റോയി തിരുവാങ്കുളം എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പര്യടനം നടത്തി.

തുഷാർ വെള്ളാപ്പള്ളി ചിങ്ങവനം ഭാഗത്ത് പ്രചാരണം നടത്തി

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ ചിങ്ങവനം പ്രദേശത്ത് പര്യടനം നടത്തി. പല പ്രമുഖരെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് സന്ദർശിച്ചു.

എൻ.എസ്.എസ് 2930 നമ്പർ കരയോഗം ഭാരവാഹികളായ സതീഷ് കുമാർ, കേശവകൈമൾ, മാലതി എന്നിവരെ സന്ദർശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് കോട്ടയത്തെ ജനങ്ങൾ തന്റെ സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്നും തുഷാർ പറഞ്ഞു.

കഥാകൃത്ത്, പത്രപ്രവർത്തകൻ, കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റെ മേധാവി എന്നിങ്ങനെ വിവിധ മേഖലകളിലെ സജീവ പ്രവർത്തകനും ഒട്ടേറെ പുരസ്‌കാര ജേതാവുമായ ബാബു കുഴിമറ്റവുമായി തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി ദീർഘനേരം സംസാരിച്ചു.

തുഷാറിന്റെ വിജയം ഉറപ്പ് - ലിജിൻ ലാൽ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയം ഉറപ്പാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ പറഞ്ഞു. ബൂത്തു തല സമ്പർക്ക പരിപാടി ശക്തമാക്കും. കഴിഞ്ഞ പത്തു വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തിനായി ചെയ്ത വികസന പദ്ധതികൾ തങ്ങളുടേതാണെന്ന് വരുത്തി തീർക്കാനാണ് സിറ്റിംഗ് എം.പി ശ്രമിക്കുന്നത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് മോദിയുടെ വികസന നേട്ടങ്ങൾ വിവരിച്ചുള്ള പ്രചാരണത്തിന് പ്രാമുഖ്യം നൽകുമെന്നും ലിജിൻലാൽ പറഞ്ഞു.