v
ele

റോഡ് ഷോയോടെ ചാഴികാടനും തുഷാറും ഇന്ന് പത്രിക നൽകും, ഫ്രാൻസിസ് നാളെ

കോട്ടയം: ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയിലൂടെ നഗരത്തെ ഇളക്കി മറിച്ചാണ് ഇരുവരും പത്രിക നൽകാൻ എത്തുക. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് നാളെ രാവിലെ11.30 ന് വരണാധികാരിയായ കോട്ടയം ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനു പിറകേ മണ്ഡലം മുഴുവൻ നീളുന്ന റോഡ് ഷോയും നടത്തും.

ചാഴികാടൻ 10.30ന്

രാവിലെ ഒൻപതിന് കേരളാ കോൺഗ്രസ് എം ഓഫീസിൽ നിന്നാവും പ്രവർത്തകർക്കൊപ്പം പത്രിക സമർപ്പണത്തിനായി ചാഴികാടൻ കളക്ടറേറ്റിലേക്ക് എത്തുന്നത്. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും. സിപിഎം പ്രവർത്തകർ തിരുനക്കര ക്ഷേത്രപരിസരത്തും മറ്റ് ഘടകകക്ഷിനേതാക്കളും പ്രവർത്തകരും ഗാന്ധിസ്‌ക്വയറിൽനിന്നും റോഡ് ഷോയിൽ പങ്കുചേരും. കെ.കെ റോഡുവഴിയാണ് റോഡ് ഷോ. 10.30നാണ് പത്രിക സമർപ്പിക്കുന്നത്.

തുഷാർ 11ന്

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഇന്നു രാവിലെ 11നാണ് പത്രിക നൽകുന്നത്. കോട്ടയം നഗരം ഇളക്കി മറിച്ച പ്രചാരണ തുടക്കവുമായ് രംഗത്തെത്തിയ തുഷാർ ഇന്ന് പത്രികാ സമർപ്പണത്തിനൊപ്പം റോഡ് ഷോ യോടെ നഗരത്തിൽ തരംഗമാകും.

ഫ്രാൻസിസ് ജോർജ് നാളെ

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ ഇന്നാരംഭിച്ചു ആറാം തീയതി സമാപിക്കും. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെ റോഡ് ഷോ കടന്നുപോകും. ഇന്നു വൈക്കം,പിറവം നിയോജകമണ്ഡലത്തിലും നാളെ ഉച്ച കഴിഞ്ഞ് കോട്ടയം നിയോജക മണ്ഡലത്തിലും 5ന് ഏറ്റുമാനൂർ കടുത്തുരുത്തി നിയോജക മണ്ഡലത്തിലും 6ന് പുതുപ്പള്ളി പാലാ നിയോജക മണ്ഡലത്തിലും റോഡ് ഷോ നടത്തും.

ഫ്രാൻസിസ് ജോർജിന് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള തുക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബം നൽകി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ തുക ഫ്രാൻസിസ് ജോർജിന് നൽകി.