
കുമരകം : കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റ് രൂപീകരിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. 16 (കെ) ബി എൻ, എൻ.സി.സി യൂണിറ്റിന്റെ കീഴിൽ നൂറു കണക്കിന് സമർദ്ധരായ കേഡറ്റുകളെ വാർത്തെടുക്കാൻ സാധിച്ച മികച്ച വിദ്യാലയമായി ഇന്ന് എസ്.കെ.എം മാറി. കേരള, ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിൽ തന്നെ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഓരോ കാലത്തെയും കേഡറ്റുകളുടെ നേതൃത്വത്തിൽ കാഴ്ച്ചവയ്ക്കാൻ സ്കൂളിലെ എൻ.സി.സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സ്കൂളിന്റെ കീർത്തിക്കും, മികവിനും എൻ.സി.സി യൂണിറ്റും, ഓരോ കേഡറ്റും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേഡറ്റുകളിൽ സമ്യൂഹ്യ പ്രതിബദ്ധതയും, പ്രകൃതി സ്നേഹവും വളർത്തുന്നതിന് ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നാളിതുവരെ വിദ്യാലയത്തിലെ എൻ.സി.സിയുടെ ഭാഗമായ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി എസ്.കെ.എം എൻ.സി.സി യുടെ സിൽവർ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.സി.സി അലൂമിനി അസോസിയേഷൻ രൂപീകരിക്കുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ വിവിധ ഫോഴ്സുകളിൽ സേവനമനുഷ്ഠിക്കുന്ന മുൻകാല കേഡറ്റുകളായിട്ടുള്ളവർ സ്കൂളിലെ എൻ.സി.സി യൂണിറ്റിന് അഭിമാനമാണ്. ഇവർ അടക്കമുള്ള എല്ലാ കേഡറ്റുകളേയും ഈ കൂട്ടായ്മയിൽ അംഗങ്ങളാകുവാൻ ക്ഷണിക്കുന്നതായി സ്കൂളിലെ എൻ.സി.സി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.