ajithaaa
അജിത രതീഷ്

മുണ്ടക്കയം: റംസാൻ മാസത്തിലെ നോമ്പുകൾ എല്ലാം കൃത്യമായി അനുഷ്ഠിച്ചു വരുന്നതിന്റെ ആത്മനിർവൃതിയിലാണ് മുണ്ടക്കയം കരിനിലം ചെമ്പകശ്ശേരിൽ പരേതനായ രതീഷിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അജിത രതീഷ്. ലോക്സഭ തിരഞ്ഞെടുപ്പുകൂടി എത്തിയതോടെ തിരക്ക് ഇരട്ടിച്ചെങ്കിലും ഇതൊന്നും അജിതയുടെ നോമ്പിനെ ബാധിച്ചിട്ടില്ല. പുലർച്ചെ 4.30ന് എഴുന്നേ​റ്റ് ഇടയത്താഴം കഴിക്കും. നോമ്പു തുറക്കാൻ സമയമാവുമ്പോൾ അജിത എല്ലാ തിരക്കും ഒഴിവാക്കും. ഈന്തപ്പഴം കഴിച്ചാണ് നോമ്പു തുറക്കൽ. യാത്രയ്ക്കിടയിലാണെങ്കിൽ ഈന്തപ്പഴവും വെളളവും കരുതും.

ആദ്യമൊക്കെ ആശങ്കയുണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്ന് അജിത രതീഷ് പറയുന്നു. ആദ്യ ദിനങ്ങളിൽ നോമ്പും പിടിച്ച് ഇലക്ഷൻ പ്രവർത്തനവുമായി ഭവനസന്ദർശനം നടത്തിയപ്പോൾ ദാഹം തോന്നിയെങ്കിലും നോമ്പ് മുറിക്കാൻ ഒരുങ്ങിയില്ല. ഇന്ന് നോമ്പ് 24 ആയപ്പോഴും അജിതക്ക് നോമ്പ് ഒഴിവാക്കണമെന്ന ചിന്തപോലും ഉണ്ടായിട്ടില്ല. നാടിന്റെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചാണ് ഒാരോ നോമ്പിന്റെയും തുടക്കം. നോമ്പെന്നാൽ ഭക്ഷണം ഉപേക്ഷിക്കൽ മാത്രമല്ലെന്നും ക്ഷമയും സ്‌നേഹവും സഹാനുഭൂതിയും നല്ല ആരോഗ്യവും ഉണ്ടാക്കാൻ കഴിയുമെന്നും അജിത രതീഷ് പറയുന്നു. ഇപ്പോൾ മ​റ്റൊരു നോമ്പുകൂടി അജിത അനുഷ്ഠിക്കാൻ തുടങ്ങി. വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തിൽ അടുത്തയാഴ്ച നടക്കുന്ന പൊങ്കാലചടങ്ങിൽ പങ്കെടുക്കാനുള്ള നോമ്പാണിത്. രണ്ടു നോമ്പും ഒരുമിച്ചു വന്നതോടെ വെജി​റ്റേറിയനായി.മതസൗഹാർദ്ദത്തിന്റെ ഈ​റ്റില്ലമായ എരുമേലി സ്വദേശിനിയാണ് അജിത രതീഷ്. കാഞ്ഞിരപ്പളളി അക്കരപ്പളളി, മണർകാട്പളളി എന്നീ ക്രിസ്ത്രീയ ദേവാലയങ്ങളിലും അജിത പ്രാർത്ഥിക്കാൻ പോകാറുണ്ട്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉൾക്കൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ചതെന്നും ജാതിയുടെ അതിർവരമ്പുകൾക്ക് പ്രസക്തിയില്ലന്നും
അജിത രതീഷ് പറഞ്ഞു. മക്കളായി അഡ്വ. അപർണ്ണ രതീഷ്, ആദിത്യൻ പി.രതീഷ് എന്നിവരും പിന്തുണയുമായി കൂടെയുണ്ട്.