pepper
കറുത്തപൊന്ന്

കോട്ടയം: രണ്ടു മാസത്തി​നുള്ളി​ൽ ക്വി​ന്റലി​ന് 106 രൂപ ഇടി​ഞ്ഞ് കർഷകർക്ക് കണ്ണീർ കുടി​പ്പി​ച്ച കുരുമുളക് വില കുതി​ക്കുന്നു. കിലോയ്ക്ക് 24 രൂപയാണ് വർദ്ധനവുണ്ടായത്.

ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 19 രൂപ വരെ താഴ്ന്ന മുളക് വില ഉയരുന്ന പ്രവണത മനസിസാക്കി വൻ കിട കർഷകരും ഇടനിലക്കാരും വിപണി ഇടപെടൽ നടത്താതെ വിട്ടു നിന്നതാണ് ഡിമാൻഡ് ഇല്ലാതിരുന്നിട്ടും വില ഉയരാൻ കാരണം.

ആഭ്യന്തര വില ഉയർന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 6500 ൽ നിന്ന് 6700 ഡോളറായി ഉയർന്നു.പ്രതികൂല കാലാവസ്ഥയിൽ പല രാജ്യങ്ങളിലും ഉത്പാദനം കുറഞ്ഞു. ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന വിയറ്റ് നാമിൽ 15 ശതമാനം ഇടിവുണ്ടായി. ശ്രീലങ്കയിൽ ഇപ്പോൾ വിളവെടുപ്പു കാലമല്ലാത്തതും ഇന്ത്യയ്ക്ക് ഗുണമായി. ആവശ്യത്തിന് ചരക്കില്ലാതിരുന്നിട്ടും കുരുമുളക് വില കുറച്ചു ശ്രീലങ്ക ഇന്ത്യൻ കുരുമുളക് ഡിമാൻഡ് ഇല്ലാതാക്കാൻ നീക്കമുണ്ട്. 6500ൽ നിന്ന് 6050 ഡോളറായാണ് ശ്രീലങ്ക വില കുറച്ചത്.

ഇറക്കുമതി കുരുമുളക് മസാലക്കൂട്ടാക്കി കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസിന്റെ മറവിൽ വിയ​റ്റ്‌നാമിൽ നിന്നു കുറഞ്ഞ വിലയ്ക്കു കുരുമുളക് ഇറക്കുമതി ചെയ്യുന്നതും സുഗന്ധദ്രവ്യോത്പന്നമാക്കി കയറ്റുമതി ചെയ്യാതെ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നതും നാടൻകർഷകർക്ക് വിനയായിരുന്നു . തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം തുറമുഖങ്ങൾ വഴി വില കുറഞ്ഞ വിയ​റ്റ്‌നാം കുരുമുളക് വാങ്ങി കൂടിയ വിലയ്ക്ക് ഇവിടെത്തന്നെ വിറ്റു ലാഭം കൊയ്തിരുന്നു. വിയറ്റ് നാമിൽ കാലാവസ്ഥ വില്ലനായി ഉത്പാദനം കുറഞ്ഞതോടെ ഇത് പൊളിഞ്ഞതാണ് കേരളത്തിന് നേട്ടമായത് .

# ഉണക്കി സൂക്ഷിച്ച കുരുമുളകിന് പഴക്കംകൂടുതോറും വില കൂടും .വില സ്ഥിരമായി​ ഇടിയുന്ന പ്രവണത മനസിലാക്കി സ്റ്റോക്ക് ചെയ്യാതെ വിറ്റ കർഷകർക്ക് വില കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വൻകിടക്കാർക്കാണ് നേട്ടം.

...................................................

മുളക് പറിച്ചെടുക്കുന്നതിന് ഒരു ദിവസം 1000 രൂപയാണ് കൂലി. കാലാവസ്ഥ വ്യതിയാനം വില്ലനായതോടെ കുമിൾ രോഗവുമായി. വളം വിലയും കൂടി. കടുത്ത വേനലിൽ .നനയും പ്രശ്നമായി. പരിപാലന ചെലവ് കൂടിയതോടെ പുതുതായി കുരുമുളക് കൃഷിയിലേക്ക് ആരും എത്തുന്നില്ല. അതു കൊണ്ട് സാധാരണ കർഷകർക്കല്ല ഇടനിലക്കാർക്കാണ് വില ഉയരുന്നതിന്റെ നേട്ടം.

തോമസ്ജോൺ, കർഷകൻ