കോട്ടയം : സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ മനസിലാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ഗുരുധർമ്മ പ്രചരണ സഭ ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോഫീ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ബിജു വാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ശിവഗിരി ശ്രീ ശാരദ പ്രതിഷ്ഠയുടെ 112-ാമത് വാർഷിക മഹോത്സവത്തോടനുബന്ധിച്ച് 21, 22, 23 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന 62 -ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തിന് മുന്നോടിയായി 7 ന് പുതുപ്പള്ളി മണ്ഡലം,തെങ്ങണ, കുമരകം ചൂളഭാഗം, മഞ്ചാടിക്കരി യൂണിറ്റുകളിൽ പരിഷത്തുകൾ നടക്കും. പൂഞ്ഞാർ മണ്ഡലത്തിൽ 150ാം നമ്പർ കടലാടിമറ്റം യൂണിറ്റിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും, യൂണിറ്റ് നിർമ്മിച്ച പ്രാർത്ഥനാലയവും ഓഫീസ് മന്ദിരവും സ്വാമി ശുഭാംഗാനന്ദ 7 ന് ഉച്ചയ്ക്ക് 2 ന് ഉദ്ഘാടനം ചെയ്യും. സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജ്യോതിസ്‌മോഹൻ ഐ.ആർ.എസ്, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ തുടങ്ങിയവർ പങ്കെടുക്കും.