കോട്ടയം: കുമരകം കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് പണിക്ക് ഫണ്ട് തടസമല്ലെന്നും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

മണ്ണിന്റെ ഉറപ്പുമായി ബന്ധപ്പെട്ട് സാങ്കേതികമായ പ്രശ്നങ്ങൾ കാരണമാണ് പണി വൈകിയത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു റോഡ് പണി ആരംഭിച്ചു. കിഫ്ബി മതിയായ ഫണ്ടും അനുവദിച്ചു. കാലാവസ്ഥയും അനുകൂലമായ സാഹചര്യത്തിൽ പണി മൂന്നുമാസത്തിനു മുമ്പേ പൂർത്തിയാക്കാൻ കഴിയും. മറിച്ചുള്ള ആരോപണങ്ങൾ ചില വികസന വിരോധികൾ നടത്തുന്നതാണ്. കുമരകം വെച്ചൂർ റോഡിൽ വർഷങ്ങളായി മുടങ്ങി കിടന്ന അഞ്ചുമന പാലത്തിന്റെ അപ്രോച്ച് റോഡ് പണിയും ആരംഭിച്ചു. വർഷങ്ങളായി തടസപ്പെട്ട പരിപ്പ് തൊള്ളായിരം റോഡ് പാലം അപ്രോച്ച് റോഡ് പണിയും തുടങ്ങും. ഏറ്റുമാനൂർ മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തതുമായ പദ്ധതികളൊന്നും അവശേഷിക്കുന്നില്ല. ഗാന്ധി നഗർ മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിലെ തിരക്കും അപകടവും ഒഴിവാക്കാൻ നിർമ്മിക്കുന്ന അണ്ടർ പാസേജ് പണി ആരംഭിച്ചു. മൂന്നു മാസത്തിനുള്ളിൽ ഇതും പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.