
ചങ്ങനാശേരി: ഇന്റർനെറ്റ് തകരാർ മൂലം, കംപ്യൂട്ടറുകൾ പ്രവർത്തിക്കാതെ വന്നതിനാൽ, ചങ്ങനാശേരി ഹെഡ് പോസ്റ്റാഫീസിലെ, ബാങ്കിങ് സേവനം മണിക്കൂറുകൾ തടസപ്പെട്ടു. രാവിലെ മുതൽ ക്യൂവിൽ നിന്ന അനേകം ആളുകൾ, പണം പിൻവലിക്കാനോ, നിക്ഷേപിക്കാനോ കഴിയാതെ വിഷമിച്ചു. പ്രായമേറിയ ഉപയോക്താക്കളും, മഹിളാ പ്രധാൻ ഏജന്റുമാരും മണിക്കൂറുകളോളം കാത്തു നിന്നിട്ടും ഇടപാടുകൾ നടത്താൻ കഴിയാതെ മടങ്ങിപ്പോയി.
പകരം സംവിധാനം ഏർപ്പെടുത്താനോ, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനോ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, പോസ്റ്റൽ സൂപ്രണ്ട് അടക്കുള്ളവരുടെ ധിക്കാരപരമായ മറുപടികൾ ജനങ്ങളെ പ്രകോപിതരാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി, പോസ്റ്റാഫീസ് ബാങ്കിങ് സേവനം ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ധാരാളം ഇടപാടുകാർ എത്തിയിരുന്നു. ഇടയ്ക്ക് വൈകി എത്തിയ പോസ്റ്റൽ സൂപ്രണ്ടാകട്ടെ, പ്രവർത്തനതടസമുണ്ടാകുമെന്ന് നോട്ടീസ് പതിക്കാൻ ഉദ്യോഗസ്ഥരെ പറഞ്ഞേൽപ്പിച്ച ശേഷം പോവുകയും ചെയ്തു.
മഹിളാ പ്രധാൻ ഏജന്റുമാർ കൊണ്ടുവരുന്ന കെട്ടു കണക്കിന് പാസ്ബുക്കുകൾ പതിക്കുന്നതിനും പണം സ്വീകരിക്കുന്നതിനും, സാധാരണ ഇടുപാടുകാരുടെ ക്രയവിക്രയങ്ങൾ നടത്തുന്നതിനും ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളും ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസത്തെ അവധി മാദ്ധ്യമങ്ങളിലൂടെയെങ്കിലും ഇടുപാടുകാരെ അറിയിക്കുന്നതിലും പോസ്റ്റൽ അധികാരികൾ നടപടിയെടുത്തിരുന്നില്ല. ഈ വിവരങ്ങൾ ധരിപ്പിച്ചവരോട് ചിലർ മോശമായി സംസാരിച്ചതായും പരാതിയുണ്ട്. ഇന്ത്യയിലെ എല്ലാ പോസ്റ്റാഫീസുകളിലെയും നെറ്റ് വർക്ക് തകരാറിലാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.