
കോട്ടയം: പത്രികാ സമർപ്പണം ഇന്നു പൂർത്തിയാകുന്നതോടെ ഇനി മൂന്നാഴ്ചയിലേറെ നീളുന്ന പ്രചാരണത്തിന് കോടികൾ കണ്ടെത്തേണ്ട നെട്ടോട്ടത്തിലായി സ്ഥാനാർത്ഥികൾ.ഇലക്‌ട്രൽ ബോണ്ട് വിവാദവും ഫണ്ട് മരവിപ്പിക്കലും കാരണം ദേശീയ നേതൃത്വത്തിൽ നിന്നുള്ള ഫണ്ട് കാര്യമായ് ഉണ്ടാവില്ല. നന്നായി പ്രചാരണം നടത്താൻ പത്തുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
ലോക്‌സഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് കോട്ടയത്ത് ഇരു കേരളാകോൺഗ്രസ് ഗ്രൂപ്പുകളായിരുന്നു തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും രണ്ടു മാസത്തോളം ഇതിനകം പ്രചാരണം നടത്തിയ വകയിൽ കോടികളായി. ഇനി വോട്ടെടുപ്പ് നടക്കുന്ന 26 വരെ കൂടുതൽ പണം ഒഴുക്കിയാലേ പിടിച്ചു നിൽക്കാനാവൂ. .
നവകേരളസദസ്, സമരാഗ്നി , സി.പി.എം,കോൺഗ്രസ്, ബി.ജെപി നേതാക്കളുടെ യാത്ര തുടങ്ങി മൂന്നു മുന്നണികളും നടത്തിയ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ പിഴിഞ്ഞുള്ള വൻ പിരിവാണ് നടന്നത്. തിരഞ്ഞെടുപ്പ് ചെലവിന് ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാസ്ഥാനാർത്ഥികൾക്കും വൻ തുക നൽകേണ്ടത് ബിസിനസുകാരാണ്.
95 ലക്ഷം പരിധി
95 ലക്ഷം രൂപ വരെയേ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലഴിക്കാൻ അനുവാദമുള്ളു. പത്രികാ സമർപ്പണത്തിന് മുമ്പേ ആ പരിധി കഴിഞ്ഞവരാണ് മിക്ക സ്ഥാനാർത്ഥികളും . ഇനിയാണ് കണ്ണുതള്ളുന്ന ചെലവ്.
ഈസ്റ്റർ കാർഡ് കിട്ടിയില്ലെന്ന്
ഈസ്റ്റർ ആശംസാ കാർഡും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും അടിച്ചിട്ട് ഈസ്റ്റർ കഴിഞ്ഞിട്ടും വീടുകളിൽ എത്തിയില്ലെന്ന പരാതി വ്യാപകമാണ്. ഇനി വിഷു ആശംസാ കാർഡുണ്ട്. പ്രകടന പത്രികയുണ്ട്. സ്ഥാനാർത്ഥിയുടെ നേട്ടം വിവരിക്കുന്ന ലഘുലേഖകളുണ്ട്. സ്ലിപ്പ് നൽകണം. ബാലറ്റ് പേപ്പറിന്റെ മാതൃക വരെ വോട്ടർമാരെ കാണിക്കണം ഏഴു നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിൽ ഇവ എത്തിക്കണമെങ്കിൽ ആവശ്യത്തിന് പണവും മറ്റ് അനസാരികളും ഇറക്കണം. മൈക്ക് അനൗൺസ്‌മെന്റ്, പൊതു യോഗങ്ങൾ , റോഡ് ഷോ, സ്ഥാനാർത്ഥിയുടെ വാഹന പര്യടനം ചിലവ് എവറസ്റ്റ് കയറും. ഇതിനൊക്കെ കോടികൾ എവിടെയെന്നു സ്ഥാനാർത്ഥികൾ ചോദിക്കുമ്പോഴും നെഞ്ചിടിക്കുന്നത് പിരിവ് കൊടുത്തു മടുത്ത വോട്ടർമാരുടേതാണ്.