
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡസത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഇന്ന് പത്രിക സമർപ്പിക്കും. ഇനി ചൂടൻ പ്രചാരണത്തിന്റെ കാലം. പരമാവധി വോട്ടുറപ്പാക്കാൻ നാടിളക്കിയുള്ള പ്രചാരണത്തിലേയ്ക്ക് കടക്കുകയാണ് മുന്നണികൾ.
ഫ്രാൻസിസ് ജോർജ് ഇന്ന്
ഫ്രാൻസിസ് ജോർജ് ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും നടത്തും.
ഇന്നലെ വൈക്കം മണ്ഡലത്തിലെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കല്ലറ,പെരുംതുരുത്ത്, മറ്റം, ഇടയാഴം, ഹോസ്പിറ്റൽ ജംഗ്ഷൻ, ബണ്ട് റോഡ് ജംഗ്ഷൻ ,അച്ചിനകം വഴി അംബിക മാർക്കറ്റ് ജംഗ്ഷനിലെത്തിയപ്പോൾ കുട്ടികളടക്കം നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാണാൻ തടിച്ചുകൂടിയത്.
തുടർന്ന് വേരുവള്ളി മാമ്പ്ര വഴി പുത്തൻപാലം, ഉല്ലല മാർക്കറ്റ് , കൊതവറ , ടി വി പുരം , ചേരിക്കൽ കവല വഴി ചെമ്മനത്തുകര ജംഗ്ഷനിലെത്തി സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് പിറവം മണ്ഡലത്തിലെ ഇരുമ്പനം മനയ്ക്കപ്പടി യിൽ നിന്നാരംഭിച്ച റോഡ് ഷോ കെ.പി.സി.സി വൈസ് പ്രസിഡന്റ് മുൻ എം.എൽ.എ വി.ജെ.പൗലോസ് ഉദ്ഘാടം ചെയ്തു .
ജനങ്ങളിലേയ്ക്ക് തുഷാർ
പത്രികാ സമർപ്പണം കഴിഞ്ഞതോടെ ഇന്ന് മുതൽ തുഷാർ വെള്ളാപ്പള്ളിയുടെ മണ്ഡല പര്യടത്തിന് തുടക്കമാവും.വൈക്കം മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി വോട്ടർമാരെ നേരിൽ കാണും. വൈക്കം മുനിസിപ്പാലിറ്റി, ഉദയനാപുരം, ടി.വി.പുരം, മൂത്തേടുത്തുകാവ്, കാളിശ്വരം, ഇടയാഴം, അബികാമാർക്കറ്റ്, ബണ്ട് റോഡ്, തുടങ്ങിയയിടങ്ങിലെ സ്വീകരണം ഏറ്റുവാങ്ങി കല്ലറ പഞ്ചായത്തിലെ കാവ് റോഡിൽ രാത്രി 9ന് സമാപിക്കും. ഇന്നലെ കോട്ടയം മണ്ഡം കൺവെഷൻ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ചാഴികാടന്റെ കൺവെൻഷൻ പുതുപ്പള്ളിയിൽ
തോമസ് ചാഴികാടന്റെ പുതുപ്പള്ളി നിയോജക മണ്ഡല തല വാഹന പര്യടനം ഇന്ന് നടക്കും. രാവിലെ 8ന് അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളത്ത് പര്യടനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കോത്തലയിൽ പര്യടനം സമാപിക്കും. രണ്ടു ഘട്ടങ്ങളിലായാണ് വാഹന പര്യടനം. ഇന്ന് അകലകുന്നം, അയർക്കുന്നം, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് പര്യടനം.