
ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിഷുമഹോത്സവത്തിനും വിഷുക്കൈനീട്ട വിതരണത്തിനും ഒരുക്കങ്ങളായി. വിഷുനാളിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഉമാമഹേശ്വരൻമാരുടെ കൈനീട്ടം ലഭിക്കും. പതിറ്റാണ്ടുകളായുള്ള ഈ കൈനീട്ടം ഏറ്റുവാങ്ങാൻ ദൂരെദിക്കുകളിൽ നിന്നുപോലും വിഷുനാളിൽ കാവിൻപുറം ക്ഷേത്രത്തിൽ ഭക്തർ എത്തിച്ചേരാറുണ്ട്.
ഉമാമഹേശ്വരൻമാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം പേഴ്‌സിലോ ഗൃഹങ്ങളിലോ വ്യാപാരസ്ഥാപനങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരു വർഷക്കാലത്തേക്ക് വളരെ ഐശ്വര്യകരമാണെന്നാണ് ഭക്തജനങ്ങളുടെ അനുഭവസാക്ഷ്യം.
വിഷുനാളിൽ പുലർച്ചെ 5 ന് നടതുറപ്പും വിഷുക്കണി ദർശനവുമുണ്ട്. 7 ന് പാലാ ബാസ് കമ്മ്യൂഷിക്കേഷൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. തുടർന്ന് ശ്രീകോവിലിൽ മേൽശാന്തി രാജേഷ് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നാണയ പൂജ നടത്തും. തുടർന്ന് ഈ നാണയങ്ങൾ ഉമാമഹേശ്വരൻമാരുടെ കൈനീട്ടമായി ഭക്തർക്ക് വിതരണം ചെയ്യും. മുൻവർഷം കൈനീട്ടമായി ലഭിച്ച നാണയങ്ങൾ ഭക്തർ ക്ഷേത്രഭണ്ഡാരത്തിൽ തിരികെ സമർപ്പിക്കുകയും ചെയ്യും.
വിഷുനാളിൽ ഓറഞ്ച്, ആപ്പിൾ, മുന്തിരി, അവൽ, മലർ, കൽക്കണ്ടം, ശർക്കര, ചെറുപഴം തുടങ്ങിയവ ചേർത്ത് മധുരഫല മഹാനിവേദ്യവും അവൽ നിവേദ്യവും ഭക്തർക്ക് വിതരണം ചെയ്യും. വിഷുപായസ വിതരണവുമുണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം. വൈകിട്ട് വിഷു വിളക്കും വിശേഷാൽ ദീപാരാധനയുമുണ്ട്. ദൂരെദിക്കുകളിൽ നിന്നും ഉമാമഹേശ്വരൻമാരുടെ കൈനീട്ടം ഏറ്റുവാങ്ങാൻ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിഷുനാളിൽ രാവിലെ 10.30 വരെ തിരുനട തുറന്നിരിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9745 260444.