chood

കോട്ടയം : ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ പോലും ജല ദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. ഇലക്ഷൻ കാലമായതിനാൽ പ്രഖ്യാപിച്ച പദ്ധതികളും മന്ദഗതിയിലാണ്. ഇക്കുറി താപനില ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം 34 ഡിഗ്രി വരെ ഉയർന്നിരുന്നു. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജല നിരപ്പ് പരിധിയിലധികം താഴ്‌ന്നിട്ടുണ്ട്. ഇത് വാട്ടർ അതോറിറ്റിയുടെ പമ്പിംഗിനെയും കാര്യമായി ബാധിച്ചു. ജലലഭ്യത ഇനിയും കുറഞ്ഞാൽ വിതരണം തടസപ്പെടാം.

ജല വില്പന ലൈസൻസില്ലാതെ

ടാങ്കർ ലോറികളിൽ വെള്ളം വിൽക്കുന്ന സംഘങ്ങൾ ഇതിനോടകം തന്നെ ജില്ലയിൽ സജീവമായിട്ടുണ്ട്. എന്നാൽ, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന നടക്കുന്നില്ല. യാതൊരു വിധ ലൈസൻസുമില്ലാതെയാണ് പല ടാങ്കർ ലോറികളും ജലവിതരണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. ആരോഗ്യ വകുപ്പോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഈ ടാങ്കറുകൾ പരിശോധിക്കാറുപോലുമില്ല. എവിടെ നിന്നാണ് വെള്ളം ശേഖരിക്കുന്നതെന്നോ , ഉപയോഗ യോഗ്യമായ വെള്ളമാണോ എന്നു കണ്ടെത്താനും നിലവിൽ സംവിധാനമില്ല.

 ജില്ലയിൽ അനധികൃത ജല വില്പന വ്യാപകമായി

 ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനയില്ല

 ആരോഗ്യ,ഭക്ഷ്യസുരക്ഷാ വിഭാഗം നോക്കുകുത്തി