
എരുമേലി : വന്യമൃഗശല്യം തുടർക്കഥയായ മലയോരമേഖലയിലെ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചതോടെ ജനം ഭീതിയിൽ. മാസങ്ങളായി കാട്ടാന മുതൽ കാട്ടുപന്നി വരെയുള്ളവയുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് പ്രദേശവാസികൾ. പമ്പാവാലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, വണ്ടൻപതാൽ, കണമല, എരുമേലി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. എരുമേലി പഞ്ചായത്തിൽ നാലിടങ്ങളിൽ പുലിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പമ്പാവാലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കണമല തുടങ്ങി പെരിയാർ കടുവാസങ്കേതത്തിന്റെ പരിസര പ്രദേശങ്ങളിലും ഇരുമ്പൂന്നിക്കര മേഖലയിലുമാണ് പുലിയെ കണ്ടത്. ആദിവാസികൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വന്യമൃഗ ശല്യം ഭയന്ന് രാത്രികാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്. ആറുമാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ മാത്രം പരിക്കേറ്റത് 10 പേർക്കാണ്. കഴിഞ്ഞവർഷം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.
തോട്ടം തൊഴിലാളികളടക്കം ഭീതിയോടെയാണ് പുലർച്ചെ പണിയ്ക്ക് പോകുന്നത്. 75 വർഷമായി പമ്പാവാലിയിൽ സ്ഥിരതാമസമാക്കിയവർക്ക് അടുത്തിടെയാണ് മൃഗങ്ങളിൽനിന്ന് ഇത്രയധികം ഭീഷണിയുണ്ടാകുന്നത്. 40 വർഷം മുമ്പ് പെണ്ണമ്മ എന്ന സ്ത്രീയെ പ്രദേശത്ത് കാട്ടാന കൊന്നിരുന്നു. കൊല ചെയ്യപ്പെട്ട സ്ഥലം പെണ്ണമ്മത്താര എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.
കണ്ണിൽ പൊടിയിടാൻ 10 ലക്ഷം
വനമേഖലയിൽ സുരക്ഷയൊരുക്കുന്നതിൽ വനംവകുപ്പ് കാട്ടുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ വൻപ്രതിഷേധമാണുയരുന്നത്. വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ബാദ്ധ്യത തീർക്കുകയാണെന്നാണ് ഇവരുടെ പരാതി. കുടും ബത്തിന് തുടർസഹായവും ജോലിയും ഉറപ്പ് നൽകുന്നതല്ലാതെ ഇവയൊന്നും പാലിക്കുന്നില്ല. വനംവകുപ്പിൽ താത്കാലിക വാച്ചർ നിയമനം പോലെ അപകടകരമായ തൊഴിലാണ് മൃഗങ്ങളുടെ ഇരയാകുന്നവരുടെ പെൺമക്കൾക്കുവരെ വാഗ്ദാനം ചെയ്യുന്നത്. കണമല ഫോറസ്റ്റ് ഓഫീസിനു മുന്നിലും പ്രദേശത്തും ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങുന്നില്ല. തുടർപ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പമ്പാവാലി നിവാസികളുടെ തീരുമാനം.
കൺമുന്നിൽ പുലി, ഭീതിയൊഴിയുന്നില്ല
പുലിയെ കൺമുന്നിൽ കണ്ട ഭീതി വിട്ടുമാറിയിട്ടില്ല എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റും, 11-ാം വാർഡംഗവുമായ സുബി സണ്ണിക്ക്. രണ്ടുമാസം മുമ്പ് ഉച്ചകഴിഞ്ഞ് രണ്ടോടെ മുറ്റത്ത് മീൻ വെട്ടിക്കൊണ്ടിരിക്കേ വളർത്തു പൂച്ച പതിവില്ലാതെ ശബ്ദിച്ചപ്പോഴാണ് വീടിനോടു ചേർന്ന കുഴിയിൽ പുലിയെ കാണാനിടയായത്. ഭയന്നുവിറച്ച് വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
''പമ്പാവാലി പ്രദേശത്ത് അടിയന്തരമായി സുരക്ഷ ഏർപ്പെടുത്താൻ വനംവകുപ്പ് സമയബന്ധിതമായി നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം ഉയരും.
-സുബി സണ്ണി, പഞ്ചായത്തംഗം
ഒരുവർഷം : 3 മരണം
പരിക്കേറ്റത് : 10 പേർക്ക്