ldf

കോട്ടയം : പത്രികാ സമർപ്പണം പൂർത്തിയായതോടെ ഇനിയുള്ള മൂന്നാഴ്ച കാലം പോരാട്ടം തീപാറും. തുഷാർ വെള്ളാപ്പള്ളിക്കായി ദേശീയ നേതാക്കളെയടക്കം എത്തിച്ച് തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനാണ് എൻ.ഡി.എ ക്യാമ്പ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിട്ടിറങ്ങും. തലയോലപ്പറമ്പ്,​ പാലാ,​ കോട്ടയം എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനായി വരും ദിവസങ്ങളിൽ മുതിർന്ന നേതാക്കളെത്തും. പാലായിൽ നവകേരള സദസിൽ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുമ്പോൾ റബർ വിലയിടിവും അവികസിത പ്രശ്നങ്ങളും ഉയർത്തി തോമസ് ചാഴികാടൻ സംസാരിച്ചപ്പോൾ ' അതൊന്നും ഇവിടെ പറയേണ്ടെന്ന് മുഖ്യമന്ത്രി ശകാരിച്ചത് വിവാദമായിരുന്നു. ഇതിന് ശേഷം ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുമ്പോൾ പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

കടുത്ത ചൂട് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും വലയ്ക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ സജീവമല്ല. റബർ വിലയിടിവ് ആയിരുന്നു ആദ്യം. മൂന്നു മുന്നണി സ്ഥാനാർത്ഥികളും തങ്ങൾ ജയിച്ചാൽ റബർ വില ഉയർത്താൻ വേണ്ടത് ചെയ്യുമെന്ന പ്രഖ്യാപനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ചാഴികാടൻ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കാലുമാറ്റമെന്ന പ്രചാരണവും ഉയർന്നിരുന്നു. എന്നാൽ ചാഴികാടൻ ഒരേ ചിഹ്നത്തിൽ മാത്രം മത്സരിച്ചപ്പോൾ വിവിധ മുന്നണിയിൽ പല ചിഹ്നത്തിൽ മത്സരിച്ച ഫ്രാൻസിസ് ജോർജാണ് വലിയ കാലുമാറ്റക്കാരനെന്ന് ഇടതുപക്ഷം തിരിച്ചടിച്ചു. ഇതോടെ ഈ വിഷയം കെട്ടടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ പരമാമവധി വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ.