
കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് 'അങ്കം കുറിച്ചു'. ഇനി പൊരിഞ്ഞ പോരിന്റെ കാലം. ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് കൂടി പത്രിക സമർപ്പിച്ചതോടെ പത്രികാ സമർപ്പണം പൂർത്തിയായി. ഇന്നലെ എട്ടുപേർ കൂടി പത്രിക സമർപ്പിച്ചതോടെ ആകെ 17 പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഫ്രാൻസിസ് ജോർജ്ജ് (കേരള കോൺഗ്രസ്), പി.ഒ.പീറ്റർ (സമാജ്വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ), സ്വതന്ത്രന്മാരായ സുനിൽ കുമാർ, ജോസിൻ കെ. ജോസഫ് , മന്മഥൻ , ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ് എന്നിവരാണ് ഇന്നലെ പത്രിക നൽകിയത്. തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), ബേബി മത്തായി (കേരള കോൺഗ്രസ് എം), തുഷാർ (ബി.ഡി.ജെ.എസ്), വിജുമോൻ ചെറിയാൻ (ബി.എസ്.പി), തമ്പി (എസ്.യു.സി.ഐ.സി), സ്വതന്ത്രസ്ഥാനാർത്ഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം എന്നിവർ നേരത്തെ പത്രിക നൽകിയിരുന്നു. സൂക്ഷ്മപരിശോധന ഇന്ന് രാവിലെ 11 ന് നടക്കും.
നിരീക്ഷകരെത്തി
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിംഗ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും, പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.