കോട്ടയം: നാമനിർദേശപത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ കൂടുതൽ ഊർജ്ജസ്വലരായി കളത്തിലിറങ്ങിയതോടെ പൊരിവെയിലത്തും പൊരിഞ്ഞ പോരാട്ടമാണ്. പാഴാക്കാൻ സമയവും വിട്ടുകളയാൻ വോട്ടുമില്ലാത്തതിനാൽ അദ്ധ്വാനത്തിന്റെ നാളുകളാണ് ഇനി.

പര്യടനം തുടങ്ങി തുഷാർ

എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് വൈക്കത്ത് തുടക്കമായി. ഉദയനാപുരത്ത് നിന്ന് ആരംഭിച്ച വൈക്കം കാവ് റോഡ് ജംഗ്ഷനിൽ ആദ്യദിവസ പര്യടനം സമാപിച്ചു. രാവിലെ കുറവിലങ്ങാട് മണ്ഡലത്തിലായിരുന്നു സമ്പർക്കം. മുൻ ഗുരുവായൂർ മേൽശാന്തിയും സാമവേദ പണ്ഡിതനുമായ ഡോ.ശിവകരൻ നമ്പൂതിരിയെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും മികച്ച ക്ഷീരകർഷകക്കുള്ള ദേശീയ അവാർഡ് നേടിയ രശ്മി സണ്ണിയെ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. ഇന്ന് രാവിലെ പുതുപ്പള്ളിയിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും. ഉച്ചയ്ക്ക് ശേഷം അയർക്കുന്നം മണ്ഡലത്തിലെ 4 പഞ്ചായത്തുകളിൽ തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി പര്യടനം നടക്കും. .തിരുവഞ്ചൂർ കവലയിൽ ആരംഭിക്കുന്ന പര്യടനം മണർകാട് കവലയിൽ സമാപിക്കും.

കർഷകർക്കൊപ്പം ചാഴികാടൻ

പുതുപ്പള്ളി മണ്ഡലത്തിലെ ആദ്യഘട്ട പര്യടനത്തിൽ ചാഴികാടന് കർഷകരുടെ സ്വീകരണം. കാർഷിക വിളകൾ നൽകിയും സ്ഥാനാർത്ഥിയുടെ ചിഹ്നമായ രണ്ടില സമ്മാനിച്ചും പൂക്കൾ നൽകിയുമാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം, മഞ്ഞാമറ്റം, മണൽ തുടങ്ങിയ സ്വീകരണ സ്ഥലങ്ങളിലും നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.

 റോഡ് ഷോയുമായി ഫ്രാൻസിസ് ജോർജ്

യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ കോട്ടയം മണ്ഡലത്തിലെ റോഡ് ഷോയിൽ ആവേശകരമായ സ്വീകരണം. മാലയിട്ടും പടക്കം പൊട്ടിച്ചുമാണ് വോട്ടർമ്മാർ സ്ഥാനാർഥിയെ വരവേറ്റത്. ചുങ്കം കവലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോസ്‌കോ കവലയിൽ നിന്നും കൊശമറ്റം, പൊൻപളളി, കളത്തിപ്പടി, കഞ്ഞിക്കുഴി, ബേക്കർ ജംഗ്ഷൻ , താഴത്തങ്ങാടി, അറവു പുഴ, മാണികുന്നം, തിരുവാതുക്കൽ, കാരാപ്പുഴ, കെഎസ്ആർടിസി, മണിപ്പുഴ, ദിവാൻകവല, കടുവക്കുളം, പാക്കിൽ കവല, പന്നിമറ്റം, പരുത്തുംപാറ, മൂലംകുളം എന്നീ പ്രദേശങ്ങളിലൂടെ കടന്ന് റോഡ് ഷോ ചിങ്ങവനത്ത് സമാപിച്ചു.