പാലാ : പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവന്റിലെ സിസ്റ്റർ ജോസ് മരിയ (75) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ കോട്ടയം ജില്ല കോടതി 8ന് വിധി പറയും. കാസർകോഡ് മുന്നാട് മെഴുവത്തെട്ടുങ്കൽ സതീഷ് ബാബു (35) ആണ് കേസിലെ പ്രതി. കർമലീത്ത സഭാംഗമായ സിസ്റ്റർ അമലയുടെ കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സതീഷ് ബാബു.

ഇളങ്ങുളം ഇരുപ്പക്കാട്ട് കുടുംബാംഗ്മായ സിസ്റ്റർ ജോസ് മരിയ 2015 ഏപ്രിൽ 17ന് പുലർച്ചെ 1.30നാണ് തലയിൽ കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. മോഷണത്തിനായി മഠത്തിൽ കയറുന്നതിനിടെ ശബ്ദം കേട്ട് സിസ്റ്റർ ജോസ് മരിയ ഉണർന്ന് ബഹളം വച്ചപ്പോൾ കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പൊലീസ് കുറ്റപത്രം. പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലിസ്യൂ മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിന്നീട് കത്തീഡ്രൽ പള്ളിയിലെ കബറിടം തുറന്ന് തലയോട്ടി തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. എന്നാൽ പരിശോധന ഫലം വ്യക്തമല്ലാത്തതിനാൽ പഞ്ചാബിലെ ചാന്ദിഗ്രാഫിലേക്ക് സൂപ്പർ ഇംപോസിഷൻ പരിശോധനയ്ക്കയച്ചു. പരിശോധനയിൽ തലയ്ക്ക് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.

കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു.പ്രതിക്കുവേണ്ടി ഷെൽജി തോമസ്, ലീന ജോർജ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഗിരിജയും ഹാജരായി.

സതീഷ് ബാബുവിനെതിരെ പാലാ സർക്കിളിന് കീഴിൽ 24 കേസുകളാണ് ചാർജ് ചെയ്തിരുന്നത്. ഇതിൽ സിസ്റ്റർ അമലയുടെ കൊലപാതക കേസിലും ഭരണങ്ങാനം മഠത്തിലെ മോഷണകേസിലും മാത്രമാണ് ശിക്ഷ ലഭിച്ചത്. മറ്റു കേസുകളിൽ വെറുതെവിട്ടു.