സംരക്ഷണവേലിയില്ല, കാനയ്ക്ക് മുകളിലെ ട്രാൻസ്ഫോമർ ഭീഷണി

മുണ്ടക്കയം: ഞങ്ങൾക്ക് എന്ത് സുരക്ഷ എന്ന് കോരുത്തോട്-കുഴിമാവ് റോഡിലെ യാത്രക്കാർ ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ഇടുക്കിതോട് കവലയ്ക്ക് സമീപത്തെ ട്രാൻസ്‌ഫോമർ കണ്ടാൽ അധികാരികൾക്കൊഴിച്ച് ആർക്കും കാര്യം വ്യക്തമാണ്. വെള്ളം ഒഴുകുന്ന കാനയ്ക്ക് മുകളിൽ സംരക്ഷണവേലിയില്ലാതെ ഒരു ട്രാൻസ്ഫോമർ. അപകടക്കെണിക്ക് ഇനി എന്തുവേണമെന്ന് നാട്ടുകാരും. ചുറ്റുവേലി ഇല്ല എന്നത് ആദ്യ കെണി. ട്രാൻസ്‌ഫോമറിന്റെ എർത്ത് കമ്പി കാനയിൽ സ്ഥാപിച്ചതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. കനത്തമഴ പെയ്താൽ കാന നിറഞ്ഞ് വെള്ളം റോഡിലേക്ക് പരന്നൊഴുകും. ഇത് കാൽനടയാത്രികർക്ക് ഉൾപ്പെടെ ഭീഷണിയാണ്. എർത്ത് കമ്പി വഴി വൈദ്യുതി പ്രവഹിച്ചാൽ യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാകും.

സ്ഥലം കണ്ടെത്തി, പക്ഷേ നടന്നില്ല

അപകടസ്ഥിതി ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം പി.ഡി പ്രകാശൻ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായില്ല. എം.എൽ.എ ഉൾപ്പെടെയുള്ളവരെ സ്ഥലത്തെത്തിച്ച് അപകടസാധ്യത ബോധ്യപ്പെടുത്തിയിരുന്നു. ട്രാൻസ്ഫോമർ മാറ്രിസ്ഥാപിക്കാൻ തീരുമാനമായെങ്കിലും സ്ഥലം സംബന്ധിച്ച പ്രശ്‌നങ്ങളാണ് നടപടികൾ വൈകിക്കുന്നതെന്ന് പഞ്ചായത്ത് അംഗം പറയുന്നു.

ഇനി 2 മാസം

രണ്ടുമാസം കഴിഞ്ഞാൽ കാലവർഷമെത്തും. അപകടസാധ്യത മുന്നിൽകണ്ട് മഴയ്ക്ക് മുമ്പേ അധികാരികൾ ഇടപെട്ട് ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.