ചിത്രം പകർത്തുന്നത് വിലക്കി

കോട്ടയം : അരുണാചൽ പ്രദേശിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മീനടം നെടുംപൊയ്‌കയിൽ നവീൻ തോമസിന്റെ മൃതദേഹം മീനടം സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു. പള്ളിയിൽ പേരിനുമാത്രം ശുശ്രൂഷകളാണുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ആളുകൾ കൂടിയെങ്കിലും എല്ലാവരുടെയും മുഖത്ത് നിർവികാരത നിഴലിച്ചു. തളർന്ന് കിടക്കുന്ന അമ്മ മറിയാമ്മ വാവിട്ടു കരഞ്ഞു. നിറമിഴികളോടെ പിതാവ് എൻ.എ.തോമസും. ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസവാക്കുകളോടെ ഇരുവരെയും ചേർത്തുപിടിച്ചു. മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. ചിത്രം പകർത്തിയാൽ തല്ലുമെന്ന ഭീഷണിയും സംഘം മുഴക്കി. നവീൻ വിശ്വാസിയല്ലാത്തതിനാൽ മൃതദേഹം പള്ളിയിൽ കയറ്റാൻ സമ്മതിക്കില്ലെന്ന് ഒരു വിഭാഗം വാദിച്ചു. ഒടുവിൽ പ്രശ്നം ഒഴിവാക്കാൻ വിപുലമായ പ്രാർത്ഥനകൾ ഒഴിവാക്കി പള്ളിയുടെ ഏറ്റവും പിൻവശത്തെ ആനവാതിലിനരികിലേയ്ക്ക് കയറ്റിയ മൃതദേഹത്തിൽ സഹവികാരി അന്ത്യപ്രാർത്ഥനകൾ നടത്തുകയായിരുന്നു. പള്ളിക്കുള്ളിൽ ചിത്രങ്ങളെടുക്കാൻ പള്ളി ഭാരവാഹികൾ സമ്മതിച്ചെങ്കിലും ബന്ധുക്കൾ വിലക്കുകയായിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ ചടങ്ങുകളിൽ പങ്കെടുത്തു.