
കോട്ടയം : രണ്ട് അപരന്മാരുടെയും പത്രിക തള്ളിയതിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ആശ്വസിക്കാമെങ്കിലും ചിഹ്നത്തിനായി തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഓട്ടോറിക്ഷ ചിഹ്നമായി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി ഇതേ ചിഹ്നം ആവശ്യപ്പെട്ടാൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും. പ്രമുഖ സ്ഥാനാർത്ഥികളുടെ താഴെയായിരിക്കും ബാലറ്റ് പേപ്പറിലും സ്ഥാനം.
പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ അപരന്മാരായി രണ്ടുപേരെത്തിയത് യു.ഡി.എഫിനെ വെട്ടിലാക്കിയിരുന്നു. എന്നാൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ പത്രിക തള്ളി. അപരന്മാരിൽ ഒരാൾ സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗവും, മറ്റൊരാൾ കേരള കോൺഗ്രസ് (എം) തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഇതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അപരനായി മത്സരിക്കുന്നത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണോ അതോ സി.പി.എം റിബലാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. മാണി ഗ്രൂപ്പ് അംഗത്തെ അപരനായി കൊണ്ടുവന്ന അധാർമ്മിക നടപടി കെ.എം.മാണിയിൽ നിന്ന് ജോസ് കെ.മാണിയിലേക്ക് പാർട്ടി നേതൃത്വം എത്തിച്ചേർന്നതിന്റെ പുതുരൂപമെന്നായിരുന്നു കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് പറഞ്ഞത്. തോൽവിയിൽ വിറളിപൂണ്ടാണ് ഇടതുമുന്നണി തറവേല കളിക്കുന്നതെന്നും , വോട്ടർമാർ ഇതു തിരിച്ചറിയുമെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. അതേ സമയം റിബലിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ പ്രതികരണം.