
കോട്ടയം: ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ മൈക്ക് ഇളകി വീണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അല്പനേരം തടസപ്പെട്ടു. പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. തലയോലപ്പറമ്പ് പള്ളിക്കവലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ മൈക്ക് അഡ്ജസ്റ്റ് ചെയ്തപ്പോൾ അതു ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ഒടിഞ്ഞു പോയതാണ് മൈക്ക് വീഴാനിടയാക്കിയത്. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എൻ.വാസവൻ, ജോസ്.കെ മാണി തുടങ്ങിയവർ ഓടിയെത്തി. ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. അഞ്ച് മിനിട്ടിനുള്ളിൽ തകരാർ പരിഹരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി വീണ്ടും പ്രസംഗം തുടരവെയാണ് ആംപ്ലിഫയറിൽ നിന്ന് പുകയുയർന്നത്. ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. പ്രശ്നം അഞ്ചുമിനിട്ടിനുള്ളിൽ പരിഹരിച്ചു. മസാല ബോണ്ട് കേസിലെ അന്വേഷണത്തിൽ ഇ.ഡിയെ വിമർശിച്ച് കൊണ്ടായിരുന്നു തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം.
എസ്.പി റിപ്പോർട്ട് തേടി
മൈക്കിനും ആംപ്ലിഫയറിനും തകരാർ സംഭവിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് റിപ്പോർട്ട് തേടി. തലയോലപ്പറമ്പ് പൊലീസിനോട് അടിയന്തര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. സുരക്ഷാ വീഴ്ചയടക്കം സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.