
കോട്ടയം: ജില്ലാ വാർഷിക പദ്ധതി ഫണ്ട് ചെലവഴിക്കുന്നതിൽ തുടക്കം മുതൽ ഉഴപ്പിയ കോട്ടയം ജില്ല അവസാനലാപ്പിൽ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു.
സംസ്ഥാന തലത്തിൽ പത്താം സ്ഥാനത്തായിരുന്ന കോട്ടയം സാമ്പത്തിക വർഷം അവസാനിച്ചപ്പോഴാണ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ ജില്ലയിൽ 86.18 % തുക ചെലവഴിച്ചെങ്കിൽ ഇക്കുറി 69.85 ശതമാനേ ചെലവഴിക്കാനായുള്ളൂ. അനുവദിച്ച 382.58 കോടിയിൽ 267.22 കോടിയാണ് ചെലവഴിച്ചത്. ചെലവഴിക്കാൻ കഴിയാത്ത തുകയിൽ 10.31 ശതമാനം അടുത്ത വർഷത്തേയ്ക്ക് മാറ്റാം.
ആരുമില്ല നൂറിൽ
കഴിഞ്ഞ തവണ ഏഴ് പഞ്ചായത്തുകൾ നൂറു ശതമാനം തുകയും ചെലവഴിച്ചെങ്കിൽ ഇക്കുറി ആരുമില്ല. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ജില്ല പിന്നാക്കം പോകുന്നത്. 98.43% ചെലവഴിച്ച വെളിയന്നൂരും 98.35 ശതമാനം ചെലവഴിച്ച കാണക്കാരിയും 95.54 ശതമാനം ചെലവഴിച്ച മരങ്ങാട്ടുപള്ളിയുമാണ് ഭേദപ്പെട്ട നിലയിൽ. ജില്ലാ പഞ്ചായത്താവട്ടെ 60.08% തുകയാണ് ചെലവഴിച്ചത്.
ബ്ലോക്കുകൾ വളരെ പിന്നിൽ.
ബ്ളോക്കു പഞ്ചായത്തുകളിൽ 90 ശതമാനം പോലും ആരുമെത്തിയില്ല. കഴിഞ്ഞ തവണ 98 ശതമാനം വരെ പദ്ധതി തുക ചെലഴിച്ച സ്ഥാനത്താണ് ഇത്. 77.32 ശതമാനം ചെലവഴിച്ച കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്താണ് മുന്നിൽ. ഈരാറ്റുപേട്ടയ്ക്കാണ് രണ്ടാം സ്ഥാനം. നഗരസഭകളിൽ ഇക്കുറിയും പാലാ മുന്നിലെത്തിയെങ്കിലും പ്രകടനം വളരെ മോശം. കഴിഞ്ഞ തവണ 100.2 % തുക ചെലഴിച്ചെങ്കിൽ ഇത്തവണ 77.54 ആയി കുറഞ്ഞു.
സംസ്ഥാന ശരാശരി :68.85%
ജില്ലയുടെ ശരാശരി : 69.85%