s

കേരള കോൺഗ്രസുകളുടെ തീപാറും പോരോട്ടത്തിനിടയിലേക്കായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ വരവ്. അതോടെ കോട്ടയത്തെ അടിയൊഴുക്ക് ഒന്നകൂടി കനത്തു. കോട്ട പിടിക്കാൻ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ മത്സരം കൊഴുത്തു. യു.ഡി.എഫ് കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോട്ടയത്ത്. ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജ് വൻ പ്രതീക്ഷയിലാണ് വണ്ടിയിറങ്ങിയത്. എന്നാൽ ഇക്കുറിയുള്ളത് സവിശേഷ സാഹചര്യം. കഴിഞ്ഞ തവണ യു.ഡി.എഫുകാർ ജയിപ്പിച്ച തോമസ് ചാഴികാടൻ മുന്നണി മാറി ഇടതു വേഷമണിഞ്ഞ് ആദ്യം പ്രചാരണം തുടങ്ങി. എൻ.ഡി.എയുടെ തുഷാർ വെള്ളാപ്പള്ളി പിടിക്കുന്ന വോട്ടുകളിൽ ഇരുമുന്നണികൾക്കും നെഞ്ചിടിപ്പുണ്ട്. കോട്ടയം മുമ്പെങ്ങുമില്ലാത്ത വിധം കലങ്ങിമറിയുന്നു. ജോസ് - ജോസഫ് വിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങൾക്കിടെ ബലംകാട്ടുക ഇരു കേരള കോൺഗ്രസുകൾക്കും ജീവന്മരണ പ്രശ്നമാണ്.

കോട്ടയം ജില്ലയിലെ കോട്ടയം, പുതുപ്പള്ളി, പാലാ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം പാർലമെന്റ് മണ്ഡലം. ഏറ്റുമാനൂർ, വൈക്കം ഒഴികെയുള്ള മുഴുവൻ നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമാണ്. പതിനേഴ് തിരഞ്ഞെടുപ്പുകൾ നടന്നതിൽ 11-ലും യു.ഡി.എഫിനായിരുന്നു നേട്ടം. എന്നാൽ യു.ഡി.എഫിന്റെ പ്രതാപ കാലത്തും കോട്ടയം ഇടത്തോട്ട് ചാഞ്ഞിട്ടുണ്ട്. സുരേഷ് കുറുപ്പിലൂടെ നാലുവട്ടം കോട്ടയത്ത് ചെങ്കൊടിയും പാറി. 1984- ൽ ഇന്ദിരാ തരംഗത്തിലും എൽ.ഡി.എഫിനൊപ്പം നിന്ന ചരിത്രവും കോട്ടയത്തിനുണ്ട്.

ജോസിന്റെ

ചേരിമാറ്റം

ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തടക്കം ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിന് നഷ്ടമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തോറ്റെങ്കിലും കാഞ്ഞിരപ്പള്ളിയും ചങ്ങനാശേരിയും ഇടത്തേക്കു ചാഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോസിനൊപ്പം മുന്നണി മാറിയ തോമസ് ചാഴികാടനോട് പകരംവീട്ടാൻ അന്നേ യു.ഡി.എഫുകാർ ഒരുങ്ങിയതാണ്. സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളും കേരള കോൺഗ്രസിന്റെ സ്വാധീനവുമാണ് ചാഴികാടന്റെ പ്രതീക്ഷ.

ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനുണ്ടായ ഉണർവ് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഉമ്മൻചാണ്ടി വികാരം പരമാവധി ഉയർത്തുന്നുമുണ്ട്. എന്നാൽ ഇതിനിടയിലേക്ക് എത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ഇരുവരുടെയും വോട്ടുകൾ പിടിക്കാം. ഇതിനിടെ ഫ്രാൻസിസ് ജോർജിനെതിരെ കൊണ്ടുവന്ന രണ്ട് അപരന്മാരുടെ പത്രിക തള്ളിയെങ്കിലും, കേരള കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഭാരവാഹികളാണ് ഇവരെന്ന പ്രചാരണം എൽ.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫ് വലിയ രീതിയിൽ സ്കോർ ചെയ്തപ്പോഴാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ മോൻസ് ജോസഫിനെതിരെ വാർത്താ സമ്മേളനം നടത്തി രാജി പ്രഖ്യാപിച്ചത് മുന്നണിയിലെ അനൈക്യം വെളിവാക്കി.

സമുദായവും റബറും

പന്ത്രണ്ടു ലക്ഷത്തിലധികം വോട്ടർമാരുള്ള കോട്ടയത്ത് സാമുദായിക സമവാക്യം നിർണായകമാണ്. ഈഴവ, നായർ, ക്രിസ്ത്യൻ വോട്ടുകളാണ് വിജയികളെ നിർണയിക്കുക. മൂന്നര ലക്ഷത്തോളം ഇഴവ വോട്ടുകളുള്ള മണ്ഡലത്തിൽ പതിറ്റാണ്ടുകളായി ഇരുമുന്നണികളും സമുദായത്തെ അവഗണിച്ചതിലുള്ള അതൃപ്തി കാലങ്ങളായി നിലനിൽക്കുന്നുണ്ട്. തർക്കം പരിഹരിക്കപ്പെടാത്തതിനാൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

റബർ വിലയിടിവ് എന്നും ചർച്ചയാണ്. റബറിന് 250 രൂപ തറവില പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ ചെറുവിരലനക്കാത്തതും വിലകൂട്ടാനുള്ള കേന്ദ്ര ഇടപെടലുകൾ ഇല്ലാത്തതും കർഷകരെ ചൊടിപ്പിക്കുന്നു. ജോസ് കെ. മാണി പന്തുണയ്ക്കുന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പാലിക്കാത്തത് എതിർപ്പിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ നാമമാത്ര തുകയാണ് റബറിനു ലഭിച്ചത്. ഇടതുപക്ഷം റബർ വിഷയത്തിൽ കേന്ദ്രത്തെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം റബർ വില കൂടുമെന്ന ഉറപ്പ് കേന്ദ്രത്തിൽ നിന്ന് നേരിട്ട് ലഭിച്ചിട്ടുണ്ടെന്ന് തുഷാർ പറയുന്നു. ടൂറിസം രംഗത്തെ വികസനവും മറ്റ് കാർഷിക പ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്.

ബന്ധുവാര്, ശത്രുവാര്!

രാഷ്ട്രീയത്തിൽ ആജന്മ ശത്രുക്കളോ ആജന്മ മിത്രങ്ങളോ ഇല്ലെന്നത് അക്ഷരാർത്ഥത്തിൽ കോട്ടയം കാട്ടിക്കൊടുക്കുന്നു. കഴിഞ്ഞ തവണ പരസ്പരം മത്സരിച്ച തോമസ് ചാഴികാടനും വി.എൻ.വാസവനും ഇക്കുറി ഒരേ മുന്നണിയിലാണ്. ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും വാസവനാണ്. കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന പി.സി.തോമസ് ഇക്കുറി യു.ഡി.എഫിലാണ്. മത്സരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെയാണ് എൽ.ഡി.എഫ് ഇറക്കിയത്. സൗമ്യത മുഖമുദ്ര‌യാക്കിയ ചാഴികാടന്റെ ജനബന്ധവും എം.പി ഫണ്ട് ചെലവഴിച്ചതിലെ മികവുമാണ് പ്ളസ് പോയിന്റ്.

സംസ്ഥാന സർക്കാരിന്റെ നേട്ടത്തിനൊപ്പം സി.പി.എമ്മിന്റെ വോട്ടുകളും സഹായിക്കുമെന്ന് ചാഴികാടൻ കരുതുന്നു. നെഗറ്റീവുകളില്ലാത്ത ഫ്രാൻസിസ് ജോർജിന് മുൻ എം.പി എന്ന നിലയിലെ പ്രകടനമാണ് കരുത്ത്. കോൺഗ്രസ് വോട്ടുകൾ കൂടി ചേരുമ്പോൾ വിജയം ഫ്രാൻസിസ് ജോർജ് സ്വപ്നം കാണുന്നു. മോദിയുടെ വികസനവും കോട്ടയത്തിനൊരു കേന്ദ്രമന്ത്രി എന്ന പ്രചാരണവും വ്യക്തിബന്ധങ്ങളും തുണയ്ക്കുമെന്ന് എൻ.ഡി.എ കരുതുമ്പോൾ അടിയൊഴുക്കുകളിലാണ് തുഷാറിന്റെ പ്രതീക്ഷ. കോട്ടയത്ത് പടിപടിയായി വോട്ട് ഉയർത്തുന്ന എൻ.ഡി.എയ്ക്ക് അനുകൂല ഘടകങ്ങൾ ഏറെയുണ്ടെന്നാണ് വിശ്വാസം.