
കോട്ടയം : നേരത്തെ പൂത്തു കൊഴിഞ്ഞു തീരാറായ കണിക്കൊന്നയെ ഓർത്ത് നൊമ്പരപ്പെടേണ്ട, വിഷുക്കണിയൊരുക്കാൻ തണ്ടു നിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്ന പൂക്കൾ ഇതാ വിപണിയിൽ റെഡി !. പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത നിറം മങ്ങാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന കൊന്നപ്പൂക്കളാണ് വിപണിയിൽ നിരന്നിരിക്കുന്നത്. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 30 - 40 രൂപ വരെയാണ് വില. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലും. പൂക്കൾ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാൻ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. വിഷുവിന് രണ്ട് ദിവസം മുൻപ് മുതലാണ് കൊന്നപ്പൂക്കളെത്തുകയെങ്കിൽ ആഴ്ചകളായി പ്ലാസ്റ്റിക് പൂക്കൾ വിപണിയിലുണ്ട്. നഗരപ്രദേശങ്ങളിലുള്ളവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. ന്യൂജെൻ പിള്ളേർ പ്ലാസ്റ്റിക് പൂക്കൾ വാങ്ങിക്കുമ്പോൾ പ്രായമായവർക്ക് ഒറിജിനലിനോടാണ് പ്രിയം. പ്ലാസ്റ്റിക് വച്ച് കണിയൊരുക്കേണ്ടെന്ന് അന്ത്യശാസനം കൊടുത്ത അമ്മമാരുമുണ്ട്. നഗരത്തിലെ വസ്ത്ര വ്യാപാരസ്ഥാപനങ്ങളടക്കം അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളാലാണ്. കഴിഞ്ഞ വർഷം മുതലാണ് പ്ളാസ്റ്റിക് കൊന്നകൾ വിപണി കീഴടക്കിയത്.
മുൻപ് പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് സ്വീകാര്യത കുറവായിരുന്നു. ആചാര ലംഘനവും മറ്റും ഉൾപ്പെടുത്തി ആരും വാങ്ങില്ലായിരുന്നു.
വില ഇങ്ങനെ 30 - 40 രൂപ
കണികാണാൻ കൃഷ്ണവിഗ്രഹങ്ങളും,
മലയാളിയ്ക്ക് കണി കണ്ടുണരാൻ പതിവ് തെറ്റിക്കാതെ കൃഷ്ണ വിഗ്രഹങ്ങളും ഒരുങ്ങി. നീല, ചന്ദനം, പച്ച തുടങ്ങി വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് പാതയോരത്തും മറ്റും നിരന്നിരിക്കുന്നത്. 200 - 1000 വരെയാണ് വില. വിഷു അടുക്കുന്നതോടെ തെരുവുകളിലേയ്ക്ക് കൂടുതൽ വിഗ്രഹങ്ങളുമായി അന്യസംസ്ഥാനക്കാരെത്തും.