lory

കോട്ടയം : റോഡിലേക്ക് കാറും ഓട്ടോയും ഇരുചക്രവാഹനങ്ങളും ഇറക്കാൻ ഉടമകൾക്ക് ഭയമാണ്. സൈക്കിൾ യാത്രക്കാരുടെയും കാൽനടക്കാരുടെയും കാര്യം പറയുകയേ വേണ്ട. എല്ലാവരും ഭയപ്പാടിലാണ്. വീട്ടിൽ നിന്നിറങ്ങുന്ന തങ്ങൾ സുരക്ഷിതരായി തിരികെ വീട്ടിലെത്തുമെന്ന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥ. ഇവരെല്ലാം ഭയക്കുന്നത് തിരക്കേറിയ നിരത്തുകളിലൂടെ അപകടം വിതച്ച് ചീറിപ്പായുന്ന ടിപ്പർ, ടോറസ് ലോറികളെയാണ്. പുലർച്ചെ നാലോടെ തന്നെ ഗ്രാമപ്രദേശങ്ങളിലെ നിരത്തുകളിലൂടെയടക്കം ടിപ്പറുകളുടെ മരണപ്പാച്ചിൽ തുടങ്ങും. ഭയം മൂലം പ്രഭാത സവാരിക്കാർ റോഡിലെ നടത്തം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് വേഗ നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് കാര്യങ്ങൾ. നിയന്ത്രിക്കേണ്ട പൊലീസ്, മോട്ടോർവാഹനവകുപ്പ് അധികാരികൾ ഇതൊന്നും അറിഞ്ഞമട്ട് കാണിക്കുന്നേയില്ല. വലിയ ഹോൺ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നൽകിയില്ലെങ്കിൽ അപകടമുറപ്പാണ്. ഭൂരിഭാഗം ഡ്രൈവർമാരും യുവാക്കളാണ്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെ ടോറസുകൾ പിന്നിലേക്ക് എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

ട്രിപ്പ് കൂട്ടാൻ മരണപ്പാച്ചിൽ

പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ ചീറിപ്പായുന്നത്. കൂടുതൽ ട്രിപ്പടിച്ചാൽ കൂടുതൽ പണം ലഭിക്കും. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മീനച്ചിൽ മേഖലയിൽ സജീവമാണ്. ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളിലൂടെയാണ് കൂടുതലായും പോകുന്നത്. വീതികുറഞ്ഞ റോഡുകളിലൂടെയുള്ള മരണപ്പാച്ചിൽ പലപ്പോഴും അപകടം സൃഷ്ടിക്കും. ടോറസിൽ അമിതമായും മാനദണ്ഡങ്ങൾ പാലിക്കാതെയും ഏതു സമയവും താഴോട്ടുവീഴാവുന്ന നിലയിൽ കരിങ്കല്ല് കയറ്റി ചീറിപ്പായുമ്പോൾ കാൽനട യാത്രക്കാർ ഭയന്ന് ഓടി മാറുകയാണ്. തടി ലോറികളിലും മറ്റും അനുവദിക്കപ്പെട്ടതിലുമധികം ഭാരം കയറ്റി പോകുന്നതും തുടർക്കഥയാണ്.

അപകടം തുടർക്കഥ, നടപടിയില്ല

ടോറസ്, ടിപ്പർ ലോറിയിടിച്ച് സംസ്ഥാനത്ത് ഒരുമാസത്തിനിടെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ പരിശോധന കാര്യക്ഷമമാക്കിയിട്ടില്ല. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നാണെങ്കിലും പാലിക്കാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം പല റോഡുകളും തകർന്ന നിലയിലാണ്. ഹെൽമെറ്റ് പരിശോധനയുടെ പേരിൽ ഇരുചക്രവാഹനയാത്രക്കാരെ വിരട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ കൊലവിളിയുമായി പാഞ്ഞുവരുന്ന ടിപ്പറുകളുടെ മുന്നിൽ കണ്ണടയ്ക്കുകയാണ്.

പ്രധാനപ്പെട്ട റോഡരികിൽ ടിപ്പർ ലോറികൾ കൂട്ടമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ പകുതിയോളം സ്ഥലം കൈയടക്കിയാണ് പാർക്കിംഗ്.

സുരേഷ്, രാമപുരം