
കോട്ടയം : പിളർപ്പിന് ശേഷം കോട്ടയത്ത് കേരള കോൺഗ്രസ് പാർട്ടി വളർത്താൻ ഏറെ വിയർപ്പൊഴുക്കിയ സജി മഞ്ഞക്കടമ്പിലിന്റെ രാജി യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഫ്രാൻസിസ് ജോർജിനെതിരെ രണ്ട് അപരന്മാർ നൽകിയ പത്രിക തള്ളിയതിന് പിറകേയുണ്ടായ സജിയുടെ രാജിയിൽ ജോസ് വിഭാഗമാണെന്നാണ് ജോസഫ് വിഭാഗം സംശയിക്കുന്നത്. പാർട്ടിയിൽ സജീവമായിട്ടും തിരഞ്ഞെടുപ്പുകളിൽ തന്നെ സ്ഥിരമായി തഴയുന്നതിൽ അസ്വസ്ഥനായിരുന്നു സജി. കുടുംബ സ്വത്ത് കുറഞ്ഞതല്ലാതെ ഇന്നും വാടക വീട്ടിൽ കഴിയുന്ന സജിക്കെതിരെ ആരോപണം ഉന്നയിക്കാൻ നേതൃത്തിനും കഴിയുന്നില്ല. രാജിവച്ചൊഴിയുമ്പോഴും മോൻസ് ജോസഫാണ് അവസരങ്ങൾ ഇല്ലാതാക്കിയെന്ന് കുറ്റപ്പെടുത്തിയതല്ലാതെ ജോസഫിനെയോ യു.ഡി.എഫ് നേതൃത്വത്തെയോ സജി കുപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. രാജി പിൻവലിച്ചുവന്നാൽ സ്വീകരിക്കുമെന്നാണ് മോൻസ് പറഞ്ഞത്. മുന്നണി ചെയര്‍മാനായിട്ടും പത്രികാ സമർപ്പണത്തിലും റോഡ് ഷോയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചത്. ജില്ലാ പ്രസിഡന്റും മുന്നണി ചെയർമാനും രാജിവച്ചത് യു.ഡി.എഫ് തകർച്ചയെന്ന് പ്രചരിപ്പിച്ച് ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് അനുകൂല ഘടകമാക്കാനും ശ്രമം തുടങ്ങി. ജോസഫ് ഗ്രൂപ്പിനായി സജിയുടെ പ്രവർത്തനത്തെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ മന്ത്രി വി.എൻ.വാസവൻ പറഞ്ഞ നല്ല വാക്കുകൾക്ക് രാഷ്ടീയ പ്രാധാന്യമേറെയാണ്.