thus

കോട്ടയം : തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കുമ്പോൾ ആവേശം വാനോളമാണ്. നാടെങ്ങും പ്രചണ്ഡ പ്രചാരണം. മണ്ഡലം കൺവെൻഷനുകളിലാണ് സ്ഥാനാർത്ഥികൾ.

തുഷാറിന് വൻ സ്വീകരണം

എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പര്യടനം നാലാം ദിവസത്തിലേയ്ക് കടക്കുന്നു. ഇന്ന് കുറവിലങ്ങാട് മണ്ഡലത്തിലാണ് പര്യടനം. ഇന്നലെ രാവിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ വിവിധ വോട്ടർമാരുമായി സൗഹൃദ സംഗമം നടന്നു ശേഷം കുമരകത്തെ പര്യടനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെയും സ്ഥാനാർത്ഥിയുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച 20 ലധികം ഓട്ടോറിക്ഷകൾ പര്യടനത്തിന് നിറം പകർന്നു. തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മാതാവ് പ്രീതി നടേശനും മണ്ഡലത്തിൽ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.


പാലായിൽ ഫ്രാൻസിസ്

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചരണം റോഡ് ഷോയോടെ പാല മണ്ഡലത്തിലായിരുന്നു. മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൂരാലി കവലയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പൈക ,കൊഴുവനാൽ, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാമപുരത്ത് സമാപിച്ചു. പാതയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരാണ് സ്ഥാനാർഥിയെ കാത്ത് നിന്നത്. ഓരോ കവലയിലും പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് സ്ഥാനാർഥിയെ വരവേറ്റത്.

 രണ്ടാംഘട്ടത്തിലേക്ക് ചാഴികാടൻ

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഒന്നാഘട്ട വാഹനപര്യടനത്തിന് വിവിധ മണ്ഡലങ്ങളിൽ ജനകീയ വരവേൽപ്പ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിരത്തിലും ടൗണിലുമെത്തി വൻ സ്വീകരണം നൽകി. കണിക്കൊന്നപൂക്കളും ഫലവർഗ്ഗങ്ങളും സമ്മാനിച്ചാണ് സ്ഥാനാർത്ഥിയെ വരവേൽക്കുന്നത്. പാലാ, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളിലാണ് ഇതിനോടകം ആദ്യഘട്ടം പൂർത്തിയാക്കിത്. ഇന്ന് വൈക്കത്തും നാളെ ഏറ്റുമാനൂരിലും 10 ന് കടുത്തുരുത്തിയിലും 11 ന് കോട്ടയത്തുമായി ആദ്യഘട്ട പര്യടനം പൂർത്തീകരിക്കും. രണ്ടാംഘട്ടപര്യടനം 12 ന് പിറവത്ത് ആരംഭിക്കും.