bypas-road

പൊൻകുന്നം കപ്പാട് റോഡ് നവീകരണം തുടങ്ങി

പൊൻകുന്നം: എത്രനാളത്തെ കാത്തിരിപ്പ്...ഒടുവിൽ ക്ഷമകെട്ട് പ്രതിഷേധവും... എല്ലാത്തിനുമൊടുവിൽ പൊൻകുന്നം കപ്പാട് റോയൽ ബൈപാസ് റോഡിന്റെ റീ ടാറിംഗ് ജോലികൾ പുരോഗമിക്കുമ്പോൾ നാട്ടുകാർ പെരുത്ത സന്തോഷത്തിലാണ്. വൈകിയാണെങ്കിലും ദുരിതയാത്ര ഒഴിവാകുന്നു എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസവും. റീ ടാറിംഗ് ജോലികളുട ആദ്യഘട്ടമാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടമായി ഒരു കിലോമീറ്റർ ദൂരമാണ് റീടാറിംഗ് നടക്കുന്നത്.പത്തു ദിവസത്തിനകം നിർമ്മാണം പൂർത്തിയാകും.

റോഡ് പൂർണമായി തകർന്നതോടെ പ്രദേശവാസികൾക്ക് വലിയ ദുരിതമായിരുന്നു. 2023ലെ സംസ്ഥാന ബഡ്ജറ്റിൽ റോഡ് നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് സ്ഥലം എം.എൽ.എയായ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഫണ്ടിൽ നിന്നും 1.75 കോടിരൂപ കൂടി അനുവദിച്ചു. പക്ഷേ നിർമ്മാണം മാത്രം തുടങ്ങിയില്ല. ഇതാണ് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

കുരുങ്ങില്ല, യാത്ര തുടരാം

പൊൻകുന്നം ഭാഗത്തുനിന്നും തമ്പലക്കാട്,കപ്പാട് ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിൽ പെടാതെ എത്താനുള്ള എളുപ്പമാർഗമാണ് ഈ പാത. ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ പൊൻകുന്നത്തെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകൾക്ക് അത് ആശ്വാസമാകും.

റോഡിന്റെ ആകെ ദുരം: ആറ് കിലോമീറ്റർ

റോ‌ഡിന്റെ തുടക്കം: പൊൻകുന്നം പി.പി.റോഡ് അട്ടിക്കൽനിന്നും ആരംഭിച്ച് കപ്പാട് വരെ