dance

പാലാ: ''ശ്രീവള്ളി ദേവസേനാപതയേ...'' മുരുകന്റെ കീർത്തനവുമായി ഒരുമിച്ച് നാട്യവേദി കീഴടക്കി അമ്മയും മകളും കൊച്ചുമകളും !
ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവ ഭാഗമായി ഇന്നലെ രാത്രി നൃത്തം അവതരിപ്പിച്ചവരിൽ പ്രധാനികളായി ശോഭാ മോഹനും മകൾ രജനിയും കൊച്ചുമകൾ വരലക്ഷ്മിയും! ഇവർക്കൊപ്പം മറ്റ് ആറ് വീട്ടമ്മമാർക്കൂടി നൃത്തച്ചുവടുകളുമായി ആസ്വാദകരുടെ മനംകവർന്നു. എല്ലാവരും 40 വയസിന് ശേഷം നൃത്തം പഠിക്കാൻ തുടങ്ങിയവർ.
ആറുവർഷമായി നൃത്തമഭ്യസിക്കുകയാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം നടുവിലെ വീട്ടിൽ ശോഭാ മോഹൻ. അറുപതാം വയസിലായിരുന്നു അരങ്ങേറ്റം. ഒപ്പം പഠിച്ച മകൾ രജനി നൃത്ത അദ്ധ്യാപികയുമാണ്. മൂവാറ്റുപുഴ നാട്യാലയ സ്‌കൂൾ ഓഫ് ഡാൻസിലെ രവികുമാറിന്റെ ശിഷ്യരാണ് ശോഭയും മകൾ രജനിയും പതിനാല് വയസുകാരി മകൾ വരലക്ഷ്മിയും. നാട്യാലയ സ്‌കൂൾ ഓഫ് ഡാൻസിന്റെ ഐങ്കൊമ്പിലെ ശാഖയിൽ നൃത്താദ്ധ്യാപികയാണ് രജനി.
മൂവാറ്റുപുഴ ഗവ. ആശുപത്രിയിലെ ശുചീകരണ വിഭാഗം തൊഴിലാളിയാണ് ശോഭാ മോഹൻ. ഭർത്താവ് മോഹൻ പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ചു. ആറ് വർഷം മുമ്പാണ് ശോഭയ്ക്ക് നൃത്തം പഠിക്കാൻ താല്പര്യം തോന്നിയത്. മകൾ രജനിക്ക് കൊച്ചുന്നാൾ മുതലേ നൃത്തത്തോട് പ്രണയമായിരുന്നു. അങ്ങനെ അമ്മയും മകളും നാട്യാലയ രവികുമാറിന്റെ കീഴിൽ ഭരതനാട്യം പഠിച്ചുതുടങ്ങി. രജനിയുടെ മകൾ മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വരലക്ഷ്മിയും ഇപ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും പാതയിലാണ്. ഇന്നലെ രാത്രി ഐങ്കൊമ്പിൽ മൂന്നുപേരും ഒരേസമയം വേദിയിലെത്തി അവതരിപ്പിച്ച മുരുകകീർത്തന നടനത്തിന് കാണികളുടെ കയ്യടി പിന്തുണയായി. ഇവരോടൊപ്പം വീട്ടമ്മയായ ബീനാ മോഹൻദാസും ഭരതനാട്യത്തിൽ അണിചേർന്നു.

ഐങ്കൊമ്പിൽ രജനിയുടെ കീഴിൽ 45 ശിഷ്യർ; എല്ലാവരും വീട്ടമ്മമാർ

ഐങ്കൊമ്പിലെ നാട്യാലയ ഡാൻസ് സ്‌കൂളിൽ രജനിയുടെ കീഴിൽ 45 പേരാണ് ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും 45 വയസുകഴിഞ്ഞ വീട്ടമ്മമാർ. ശിഷ്യരായ ഡോ. ചിന്നു മനോജ്, ബിന്ദു അജിത്, ബിന്ദു സന്തോഷ്, പാർവതി അജിത്, അഞ്ജലി അജിത് എന്നിവരും കൺമണി, ആർദ്ര അജേഷ്, ശ്രീദേവി എന്നീ കുട്ടികളും ഇന്നലെ പാറേക്കാവ് ക്ഷേത്രം തിരുവരങ്ങിൽ ഡാൻസ് അവതരിപ്പിച്ചു. ഭരതനാട്യം, സെമിക്ലാസിക്കൽ, സിനിമാറ്റിക്, ഫോക് ഇനങ്ങളാണ് അവതരിപ്പിച്ചത്. നൃത്തച്ചുവടുകളിലൂടെ കാണികളുടെ മനംകവർന്ന നർത്തകിമാർക്ക് ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എൻ.കെ. മഹാദേവൻ ഉപഹാരങ്ങൾ സമ്മാനിച്ചു.