thushar

കോട്ടയം: മാറി മറിയുന്ന രാഷ്ട്രീയ ചൂടിലും പോരാട്ടം വീര്യം ചോരാതെ പൊരുതുകയാണ് സ്ഥാനാർത്ഥികൾ. മണ്ഡലം കൺവെൻഷനുകളിൽ സജീവമാണ് മൂവരും.

വിജയ മധുരം നുകർന്ന് തുഷാർ

പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിൽ മറ്റൊരു തിരഞ്ഞെടുപ്പ് വിജയമധുരം നുകർന്ന് കോട്ടയത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി തുഷാർ വെള്ളാപ്പളളി മിന്നുന്ന വിജയം നേടി. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന സൗഹൃദസംഗമത്തിൽ മള്ളിയൂർ ദിവാകരൻ നമ്പൂതിരി തുഷാറിന് മധുരം നൽകി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ ബാബുകടുത്തുരുത്തി, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ രാവിലെ കടുത്തുരുത്തി മണ്ഡലത്തിലായിരുന്നു തുഷാറിന്റെ സമ്പർക്കം. വിളക്കുമാടം ശ്രീഭദ്ര വിദ്യാ നികേതൻ സ്‌കൂളിലെ കൊച്ചു കൂട്ടുകാർക്കും അദ്ധ്യാപകർക്കുമൊപ്പം അല്പ സമയം ചിലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി ഉച്ചയ്ക്ക് ശേഷമുള്ള കുറവിലങ്ങാട് മണ്ഡല പര്യടനത്തിന് ഇറങ്ങിയത്. ചായമ്മാവിൽ ആരംഭിച്ച് കുറവിലങ്ങാട് പള്ളിക്കവലയിൽ സമാപിച്ചു.
തുഷാർ വെള്ളാപ്പള്ളിയുടെ പഞ്ചായത്ത് തല തിരഞ്ഞെടുപ്പു കൺവെൻഷനുകൾക്കും തുടക്കമായി. തുഷാറിന്റെ ഭാര്യ ആശ തുഷാറിന് പിന്നാലെ അമ്മ പ്രീതി നടേശനും പ്രചാരണത്തിൽ സജീവമായി. രാവിലെ പ്രമുഖരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ഉച്ചയ്ക്ക് ശേഷം വിവിധ തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ പങ്കെടുക്കുകയും ചെയ്തു.

 വൈക്കത്ത് ചാഴികാടൻ

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഒന്നാംഘട്ട വാഹനപര്യടനത്തിന് വൈക്കത്ത് വൻ വരവേൽപ്പ്. ഇന്നലെ രാവിലെ 8ന് വെച്ചൂർ പഞ്ചായത്തിലെ പരിയാരത്ത് നിന്ന് പര്യടനം ആരംഭിച്ചു. വാഴക്കുലയും റോസാപ്പൂക്കളും കണിക്കൊന്ന പൂക്കളുമായാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും സ്വീകരണത്തിന് മിഴിവേകി. രാത്രി വൈകി പരുത്തുമുടിയിൽ പ്രചാരണം അവസാനിച്ചു. പാലാ, പുതുപ്പള്ളി, പിറവം, വൈക്കം മണ്ഡലങ്ങളിലെ ആദ്യഘട്ടം വാഹന പ്രചരണം പൂർത്തിയാക്കി. ഇന്ന് ഏറ്റുമാനൂരിലും 10ന് കടുത്തുരുത്തിയിലും 11ന് കോട്ടയത്തുമായി ആദ്യഘട്ട പര്യടനം പൂർത്തിയാക്കും.

 യു.ഡി.എഫ് വനിതാ സംഗമം

ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി യു.ഡി.എഫ് വനിത നേതൃസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിളാ ന്യായ് പദ്ധതിയുടെ പ്രചാരണം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നിർവഹിച്ചു. പദ്ധതിയുടെ പോസ്റ്റർ പ്രദർശനവും ചടങ്ങിൽ നിർവഹിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.