
ചെറുതോണി : സ്‌കൂൾ പാചക തൊഴിലാളികളെ വേജസ് ആക്ടിൽ നിന്നും മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കിയാൽ തൊഴിലാളികൾ എന്ന നിർവചനത്തിൽ നിന്നും സ്‌കൂൾ പാചക തൊഴിലാളികൾ പുറത്താകും. ജി .ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി 22 ന് കട്ടപ്പന ഡി.ഇ.ഒ ഓഫീസിനുമുന്നിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തും. 35 വർഷത്തിലേറെയായി തൊഴിലെടുക്കുന്നവർക്ക് പോലും കുറഞ്ഞ ദിവസ കൂലിയല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭിക്കുന്നില്ല. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭവും ശക്തിപ്പെടുത്തുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.