ground-fire

കോട്ടയം: കടുത്ത വേനലിൽ തോട്ടങ്ങൾക്കും പുൽമേടുകൾക്കും അടിക്കാടുകൾക്കും ചപ്പുചവറുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും തീ പിടിക്കുന്ന 'ഗ്രൗണ്ട് ഫയറുകൾ' ആവർത്തിക്കുന്നത് ഫയർഫോഴ്സിന് തലവേദനയായി. 'ഗ്രൗണ്ട് ഫയർ' നിയന്ത്രിക്കുക എളുപ്പമല്ല. പ്രകൃതിക്കും വന്യജീവി സമ്പത്തിനുമെല്ലാം ഭീഷണിയാണ് ഇത്തരം തീപിടിത്തങ്ങൾ.

മനുഷ്യന്റെ അശ്രദ്ധയാണ് ഇതിനു കാരണം. അലക്ഷ്യമായി വലിച്ചെറിയുന്നൊരു ബീഡിക്കുറ്റിയിൽ നിന്നു പോലും വൻ അഗ്നിബാധയ്ക്കു വഴിയൊരുങ്ങാം. തീപിടിക്കുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന് അഗ്നിരക്ഷാ സേനാ വിഭാഗം പറയുന്നു. മലയോരത്തു കാട്ടുതീ ഭീഷണിയുമുണ്ട്. വാഹനങ്ങൾക്കു കടന്നു ചെല്ലാനാകാത്ത ദുർഘടമായ സ്ഥലങ്ങളിൽ തീപടരുമ്പോൾ അവിടെ എത്തിച്ചേരുന്നതും ആവശ്യത്തിന് വെള്ളം എത്തിക്കുന്നതും അഗ്നിരക്ഷാസേനയ്ക്കു മുന്നിലെ വെല്ലുവിളികളാണ്. ഫയർ സ്റ്റേഷനുകളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.

കങ്ങഴയിൽ റബർത്തോട്ടത്തിന് കഴിഞ്ഞ മാസം പിടിച്ച തീ അണച്ചിട്ട് പിറ്റേന്ന് വൻ തോതിൽ തീ പടർന്നതും ഏറ്റുമാനൂർ ഐ.ടി.ഐയ്ക്ക് സമീപത്തെ തോട്ടത്തിന് തീപിടിച്ചതും ഉദാഹരണങ്ങൾ. കാറ്റേറ്റ് നിമിഷ വേഗത്തിൽ മറ്റ് സ്ഥലങ്ങളിലേയ്ക്ക് തീ പടരും.

പുൽമേടുകൾ, റബർ തോട്ടങ്ങൾ, പാടങ്ങൾ, കുറ്റിക്കാടുകൾ എന്നിവ കത്തിനശിക്കുന്നത് ജില്ലയിൽ പതിവായി. ഷോർട്ട് സർക്യൂട്ടിലൂടെ സ്ഥാപനങ്ങൾ കത്തുന്നതും പതിവാണിപ്പോൾ.


ഇതുവരെ ചെറുതും വലുതമായ 658 തീപിടിത്തങ്ങൾ

ശ്രദ്ധിക്കാൻ
 ചപ്പുചവറുകൾ കത്തിച്ചാൽ തീ കെടുത്തിയെന്ന് ഉറപ്പാക്കണം
 വിറക് പുരകൾ, ഇന്ധനങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളുടെ പരിസരം വൃത്തിയാക്കി വയ്ക്കണം
 മുറികളിൽ ഫാനുകളും മറ്റും ഓഫ് ആക്കണം. ഡസ്റ്റ് എക്സ്പോളഷന് സാദ്ധ്യതയുണ്ടാകും
 പകലും കാറ്റുള്ളപ്പോഴും ചപ്പുചവറുകൾ കത്തിക്കരുത്

 ഉണങ്ങിയ പുല്ലുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുത്‌

 സ്ഥാപനങ്ങൾ അടയ്ക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കണം

 വയറിംഗുകളുടെ സുരക്ഷ ഉറപ്പാക്കണം