sad

കോട്ടയം: ഫ്രാൻസിസ് ജോർജും രണ്ട് അപരൻമാരും സമാജ് വാദി ജന പരിഷത്ത് സ്ഥാനാർത്ഥിയും പത്രികാ സമർപ്പണത്തിനൊപ്പം ഒന്നാം പരിഗണന നൽകി ആവശ്യപ്പെട്ടത് ഓട്ടോറിക്ഷ ചിഹ്നം. ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെയും പത്രിക തള്ളിപ്പോയില്ലായിരുന്നെങ്കിൽ ഓട്ടോറിക്ഷ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വന്നേനെ. അപരൻമാർ പുറത്തായെങ്കിലും സമാജ് വാദി ജന പരിഷത്ത് സ്ഥാനാർത്ഥി പി.ഒ.പീറ്റർ ഓട്ടോറിക്ഷയിൽ നിന്നു മാറില്ലെന്ന് ശാഠ്യം പിടിച്ചു. നറുക്കെടുപ്പ് ഭാഗ്യ പരീക്ഷണമാകുമെന്നതിനാൽ യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയതോടെ മറ്റൊരു ചിഹ്നം പീറ്രർ സ്വീകരിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചതോടെ ഫ്രാൻസിസ് ജോർജ് ഓട്ടോ ഓടിക്കുന്ന ചിത്രത്തോടെ 'ഓട്ടോയിലേറി കോട്ടയം കുതിക്കുമെന്ന' മുദ്രാവാക്യത്തോടെ പുതിയ പോസ്റ്ററുമിറങ്ങി. ഇനി പഴയ ചുവരെഴുത്തിനൊപ്പം പുതിയ ചിഹ്നവും വരക്കണം.

രണ്ടു മാസം മുമ്പ് പ്രചാരണം തുടങ്ങിയെങ്കിലും ഫ്രാൻസിസ് ജോർജ് ചിഹ്നമില്ലാതുള്ള പോസ്റ്ററാണിറക്കിയത്. ഇതിന് ചുറ്റും ചാഴികാടന്റെ രണ്ടില ചിഹ്നം പ്രവർത്തകർ പതിച്ചത് വിവാദമായിരുന്നു.

14 പേർ മത്സരിക്കുന്ന കോട്ടയത്ത് സ്വതന്ത്ര സ്ഥാനാർത്ഥി പരിഗണന മാത്രമുള്ളതിനാൽ ബാലറ്റ് പേപ്പറിൽ ആറാം സ്ഥാനത്തുമാത്രമാണ് ഫ്രാൻസിസ് ജോർജിന്റെ പേരും ചിഹ്നവുമുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച കേരളാകോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടനാണ് ബാലറ്റ് പേപ്പറിൽ ഒന്നാമൻ. ബി.എസ്.പി, എസ്.യു.സി.ഐ പാർട്ടികൾക്ക് ദേശീയ അംഗീകാരമുള്ളതിനാൽ ആ സ്ഥാനാർത്ഥികൾ രണ്ടും മൂന്നും സ്ഥാനത്തും. എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കുടം ചിഹ്നത്തോടെ നാലാമതുമാണ്.