മീനച്ചിലാറ്റിലും തോടുകളിലും നീരൊഴുക്ക് നിലച്ചു

പാലാ: മീനച്ചിലാറ്റിലും ളാലം തോടുൾപ്പെടെയുള്ള ജലസ്രോതസുകളിലും ഒഴുക്ക് നിലച്ചതോടെ വിഷം കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീൻപിടുത്തം വ്യാപകമായി. ഇതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മീനുകളും ചത്തുപൊങ്ങുകയാണ്. വെള്ളത്തിന് കടുത്ത ദുർഗന്ധവുമുണ്ട്. മീനച്ചിലാറ്റിൽ കുളിക്കാനും അലക്കാനുമൊക്കെ എത്തുന്നവരാണ് ഇതോടെ ദുരിതത്തിലായത്. മീനച്ചിലാറ്റിൽ കളരിയാമ്മാക്കൽ ചെക്ക്ഡാമിലെ വെള്ളം എത്തിനിൽക്കുന്ന ഇല്ലത്ത് കടവ്, കടക്കയത്ത് കടവ്, മൂലയിൽ കടവ് എന്നിവിടങ്ങളിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്നതായി മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽഘടകം പാലാ യൂണിറ്റ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

മീൻപിടുത്തം രാത്രിയിൽ

രാത്രികാലങ്ങളിലാണ് വിഷം കലക്കി മീൻപിടുത്തം വ്യാപകം. മുൻവർഷങ്ങളിലും ഇതായിരുന്നു അവസ്ഥ. ളാലം തോടിന്റെ കരൂർ, അന്ത്യാളം, ഏഴാച്ചേരി, ചിറ്റേട്ട് ഭാഗങ്ങളിൽ വെള്ളത്തിൽ നഞ്ച് കലക്കിയും തോട്ട പൊട്ടിച്ചും മീൻപിടുത്തം വ്യാപകമാണ്. ഇതുമൂലം തോട്ടിലെ അടിച്ചെളി ഇളകി വെള്ളം പെട്ടെന്ന് മലിനമാവുകയാണ്. ഇതും മീനുകൾ ചത്തുപൊങ്ങാൻ കാരണമാണ്.

നടപടി വേണം

വേനൽ രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വിഷംകലക്കി മീൻപിടുത്തം നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തിര നടപടി വേണമെന്ന് മീനച്ചിൽ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഡോ. എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ അടിക്കുറിപ്പ്
മീനച്ചിലാറ്റിലെ ജലം വിഷംകലക്കി മലിനമാക്കിയ നിലയിൽ