
കാഞ്ഞിരപ്പള്ളി: രാഷ്ട്രപിതാവിനെ കൊന്നത് ആരാണെന്ന് പറയേണ്ടി വരുമെന്നതിനാൽ ഗാന്ധിജിയെ കേന്ദ്രസർക്കാർ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ട മണ്ഡലം ഇടത് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന്റെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷത വരെ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളാണ് എൻ.സി.ഇ.ആർ.ടി നൽകുന്നത്. കുട്ടികളിൽ ഒരു പ്രത്യേക മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ ചെയ്യുന്ന ഒന്നിനെയും എതിർക്കാൻ കേരളത്തിൽനിന്ന് പോയ 18 യു.ഡി.എഫ് എം.പിമാർക്ക് കെൽപ്പില്ല. ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രവർത്തന മികവ് ദശാബ്ദങ്ങളായി നാടിന് ബോദ്ധ്യമുള്ളതാണ്. പാർലമെന്റിൽ അദ്ദേഹം എതിർക്കേണ്ടതിനെ എതിർക്കുകയും തുറന്നുപറയേണ്ടത് തുറന്നുപറയുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.