തലയോലപ്പറമ്പ് : ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഇന്ന് നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത. ഐതിഹ്യപ്പെരുമയും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗ്ഗം എത്തുന്നുവെന്നാണ് ഐതിഹ്യം. രണ്ടുവലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൾ കൊണ്ടാണ് ആറ്റുവേല ചാട് നിർമിക്കുന്നത്. ഇന്ന് രാവിലെ 7ന് ഇളങ്കാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കു ശേഷം ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് 2കിലോമീറ്റർ അകലെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവിലേക്ക് ആറ്റുവേലച്ചാട് കൊണ്ടുപോകും. പുലർച്ചെ ഒന്നരയോടെ വൈദ്യുതാലംകൃതമായ ചാടുകളിൽ ആറ്റവേലക്കടവിൽ നിന്നും ജലമാർഗ്ഗം ഇളങ്കാവ് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. നിരവധി തൂക്കച്ചാടുകൾ അകമ്പടി സേവിക്കും. മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദീപാലംകൃതമായ ആറ്റവേലയും തൂക്കച്ചാടും ആറ്റിലൂടെ കറങ്ങിക്കറങ്ങി ക്ഷേത്രത്തിലേയ്ക്ക് നീങ്ങുന്ന കാഴ്ച കാണാൻ ആറിന്റെ ഇരുകരകളിലും ചെറുവള്ളങ്ങളിലുമായി വിദേശികളും സ്വദേശികളും അടക്കം ആയിരങ്ങൾ എത്തിച്ചേരും.
പുലർച്ചെ 4.30 ഓടെ ഇളങ്കാവ് ക്ഷേത്രതീരത്തെ കടവിലെത്തും.തുടർന്ന് ഇളങ്കാവ് ക്ഷേത്രക്കടവിൽ ആറ്റുവേല ദർശനം. ക്ഷേത്ര തീരത്ത് എത്തുന്ന ആറ്റുവേലച്ചാടിൽ നിന്നും കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് ക്ഷേത്രമതിൽകെട്ടിനു പുറത്ത പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്ക് ആനയിക്കും.
4.40ന് ആറ്റുവേലച്ചാടിന് അകമ്പടിയായി എത്തുന്ന തൂക്കച്ചാടുകളിലെ ഗരുഡൻ പറവകൾ ചൂണ്ടകുത്തി പള്ളിസ്രാമ്പിന് പ്രദക്ഷിണ വച്ച് പയറ്റ് അവസാനിപ്പിക്കും. വൈകിട്ട് 3.30ന് ഇളങ്കാവ് ക്ഷേത്രത്തിൽ പീലിത്തൂക്കം. രാത്രി 11 ഓടെ വിവിധ ദേശങ്ങളിൽ നിന്നും വഴിപാടായി വിവിധ പാടുകളിൽ എത്തുന്ന ഗരുഡൻ പറവകൾ ക്ഷേത്ര മൈതാനിയിൽ നിരന്ന് താളമേളത്തിനൊപ്പം പയറ്റും ഗരുഡൻമാരുടെയും വാദ്യ കലാകാരൻമാരുടെയും കഴിവ് പ്രദർശിപ്പിക്കുന്ന വേദിയായി ക്ഷേതമൈതാനം മാറും.
തുടർന്ന് ക്ഷേത്രത്തിന്റെ മതിലിനുപുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിസ്രാമ്പിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും.
നാളെ രാവിലെ 6ന് നടക്കുന്ന പീലിത്തൂക്കവും രാത്രി 11 മുതൽ നടക്കുന്ന ഗരുഡൻതൂക്കവും കഴിഞ്ഞ ശേഷം ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് തിരികെ എഴുന്നള്ളിക്കുന്നത്.
ഫേട്ടോ: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലച്ചാട്