udf

കോട്ടയം: വോട്ടെടുപ്പിന് ഇനി പതിനാറ് ദിവസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും പ്രമുഖ സ്ഥാനാർത്ഥികൾക്കെല്ലാം ചിഹ്നമായതോടെ ചിഹ്നം വെച്ചുള്ള പ്രചാരണം മുറുകി. ഓട്ടോറിക്ഷ ചിഹ്നം കിട്ടിയ ഫ്രാൻസിസ് ജോർജ് ഓട്ടോ ഓടിച്ചു പ്രചാരണ തുടക്കമിട്ടതിനു പുറമേ മണ്ഡത്തിലെ പലയിടത്തും ഓട്ടോറിക്ഷ റാലി നടന്നു. ചിഹ്നം വെച്ചുള്ള പുതിയ പോസ്റ്ററുമിറങ്ങി.

14 സ്ഥാനാർത്ഥികൾ കോട്ടയത്ത് മത്സരിക്കുന്നതിനാൽ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ സ്ഥാനം വോട്ടർമാരെ അറിയിക്കാൻ മോഡൽ ബാലറ്റ് പേപ്പറും എല്ലാ മുന്നണികളും ഇറക്കുകയാണ് . രണ്ടിലയുമായി തോമസ് ചാഴികാടൻ ഒന്നാമതും കുടവുമായ് തുഷാർ വെള്ളാപ്പള്ളി നാലാമതും ഓട്ടോറിക്ഷ ചിഹ്നവുമായ് ഫ്രാൻസിസ് ജോർജ് ആറാമതുമാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മുന്നണി സ്ഥാനാർത്ഥികളും ഇന്നലെ കെ.എം.മാണി സ്മൃതി ദിനത്തിൽ പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചനയ്ക്കെത്തിയിരുന്നു.

മാണിയുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി ചാഴികാടൻ

ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പരസ്യ പ്രചാരണം ഒഴിവാക്കി. ഇന്നലെ രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ കെ.എം മാണിയുടെ കബറിടത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം പാലായിലെ വീട്ടിലുമെത്തി. തിരുനക്കരയിൽ പാർട്ടി സംഘടിപ്പിച്ച സ്മൃതി സംഗമത്തിലും പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. ഇന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലാണ് പര്യടനം. രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ അൻപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കും. നാളെ കോട്ടയം നിയോജക മണ്ഡലത്തിലാണ് പര്യടനം. ആദ്യഘട്ട വാഹനപര്യടനം നാളെ പൂർത്തിയാകും. രണ്ടാംഘട്ട പര്യടനത്തിന്റെ ആദ്യദിനം പിറവം മണ്ഡലത്തിലാണ്.

ഓട്ടോറിക്ഷയുമായി പ്രചാരണം

യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഇന്നലെ പിറവം തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ അമ്പലപ്പടിയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. എ.ഐ.സി.സി അംഗം അഡ്വ.ജെയ്സൺ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. ഗ്രാമവഴികളിലെല്ലാം സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ആളുകൾ പൂച്ചെണ്ടുകളും മാലകളുമായി കാത്തു നിന്നു. എം.എൽ.എ പടി സ്വദേശിനി മേരി എബ്രഹാം കൈ നിറയെ കൊന്നപ്പൂവുമായിട്ടാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. ഓരോ കവലയിലും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രത്യേക സ്വീകരണമുണ്ടായിരുന്നു. കൊടി കെട്ടിയ നിരവധി ഓട്ടോകളാണ് പര്യടനത്തിന് അകമ്പടി നൽകിയത്.

പാലാ ഇളക്കി മറിച്ച് തുഷാർ

കെ.എം മാണിയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഇന്നലെ പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥിച്ചായിരുന്നു പര്യടനം തുടങ്ങിയത്. ചെത്തിമറ്റത്തായിരുന്നു ഉദ്ഘാടനം. പാലാ, കടപ്പാട്ടൂർ, ക്ഷേത്രം ബൈപാസ്, മേവട, കൊഴുവനാൽ, മുത്തോലിക്കവല, വള്ളിച്ചിറ, വലവൂർ, ഏഴാച്ചേരി ബാങ്കുപടി , രാമപുരം ടൗൺ, കുടപ്പാലം, അമനകര, കൊല്ലപ്പള്ളി, നീലൂർ ടൗൺ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി വൈകി നീലൂർ അമ്പലത്തിനു സമീപമായിരുന്നു പ്രചാരണം സമാപിച്ചത്. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്